കോയമ്പത്തൂര്‍: ഇ- പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് മദ്രാസ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.
വനപ്രശ്നങ്ങള്‍ സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നടപടികളുടെ ഭാഗമായി രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ അനുവദിക്കുന്നതിനും വാഹക ശേഷി വിലയിരുത്തുന്നതിനുമായി മെയ് 7 നാണ് ഇ-പാസ് സംവിധാനം ആദ്യം ഏര്‍പ്പെടുത്തിയത്. പ്രവേശനം നേടുന്നതിന് എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയ ബെഞ്ച്, പ്രദേശവാസികളെയും അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
ബെഞ്ചിന്റെ മുന്‍ ഉത്തരവുകള്‍ പ്രകാരം രണ്ട് ഹിൽ സ്റ്റേഷനുകൾക്കും വഹിക്കാനുള്ള ശേഷിയെക്കുറിച്ച് പഠനം നടത്താന്‍ ഐഐടി-മദ്രാസ്, ഐഐഎം-ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. പഠനം ഇപ്പോഴും തുടരുകയാണെന്നും ഇ-പാസ് സംവിധാനം നീട്ടാവുന്നതാണെന്നും അഡ്വക്കേറ്റ് ജനറല്‍ പി എസ് രാമന്‍ ബോധിപ്പിച്ചു. തുടര്‍ന്ന്, ബെഞ്ച് ഇ-പാസ് സംവിധാനം നീട്ടുകയായിരുന്നു.
പഠനം നടത്തുന്നത് ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താന്‍ സഹായകരമാകുമെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇ പാസ് സംവിധാനം നിലവില്‍ വന്ന ശേഷം കൊടൈക്കനാലിലും ഊട്ടിയിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി പരാതി ഉയര്‍ന്നിരുന്നു. ചെക്പോസ്റ്റുകളില്‍ ഇ-പാസ് പരിശോധിച്ച ശേഷമേ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇ-പാസ് ലഭിക്കാന്‍ എളുപ്പമാണ്.
പാസ് വേണ്ടവര്‍ക്ക് https://epass.tnega.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. പേര്, ഫോണ്‍ നമ്പര്‍, വിലാസം, വാഹനത്തിന്റെ വിശദാംശങ്ങള്‍, സന്ദര്‍ശിക്കുന്ന തിയ്യതി, യാത്രക്കാരുടെ എണ്ണം എന്നിവ നല്‍കിയാല്‍ പാസ് ലഭിക്കും. സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും വരുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.