ബാര്‍ബഡോസ്: തുടക്കത്തില്‍ അഭിമുഖീകരിച്ച അതിദയനീയമായ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി വിരാട് കോഹ്ലിയും അക്‌സര്‍ പട്ടേലും. 59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലിയുടെയും, 31 പന്തില്‍ 47 റണ്‍സെടുത്ത അക്‌സറിന്റെയും ബാറ്റിംഗ് മികവില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പടുത്തുയര്‍ത്തിയത് 176 റണ്‍സ്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ പ്രകടനം.
തുടക്കത്തില്‍ തന്നെ ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഞെട്ടിച്ചു. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രോഹിത് കേശവ് മഹാരാജിന്റെ പന്തില്‍ ഹെയിന്റിച്ച് ക്ലാസന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. തൊട്ടുപിന്നാലെ ഋഷഭ് പന്ത് സംപൂജ്യനായി മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. നേരിട്ട രണ്ടാം പന്തില്‍ പന്ത് പുറത്തായി. മഹാരാജ് എറിഞ്ഞ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റോണ്‍ ഡി കോക്ക് ക്യാച്ചെടുത്താണ് പന്ത് പുറത്തായത്.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. കഗിസോ റബാദയെ സിക്‌സര്‍ പറത്താനുള്ള ശ്രമം പരാജയപ്പെട്ടാണ് സൂര്യ പുറത്തായത്. ക്ലാസണാണ് സൂര്യയുടെ ഷോട്ട് മികച്ച രീതിയില്‍ കൈപിടിയിലൊതുക്കിയത്.
തുടര്‍ന്നായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസമായി കോഹ്ലിയും അക്‌സറും ഒത്തുച്ചേര്‍ന്നത്. ഇരുവരുടെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് വിലപ്പെട്ട 72 റണ്‍സാണ്.മികച്ച ത്രോയിലൂടെ അക്‌സറിനെ റണ്ണൗട്ടാക്കി  ഡി കോക്ക് ആ കൂട്ടുക്കെട്ട് പൊളിച്ചു. നാല് സിക്‌സറിന്റെയും, ഒരു ഫോറിന്റെയും അകമ്പടിയോടെയായിരുന്നു അക്‌സറിന്റെ പ്രകടനം.
19-ാം ഓവറിലാണ് കോഹ്ലി പുറത്തായത്. മാര്‍ക്കോ ജാന്‍സണെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ റബാദയ്ക്ക് ക്യാച്ച് നല്‍കി കോഹ്ലി പുറത്തായി. ആറു ഫോറും രണ്ട് സിക്‌സറും കോഹ്ലി അടിച്ചുകൂട്ടി. 
മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും മേമ്പൊടിയോടെ 16 പന്തില്‍ 27 റണ്‍സെടുത്ത  ശിവം ദുബ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പിന്നീടെത്തിയ രവീന്ദ്ര ജഡേജ രണ്ട് പന്തില്‍ റണ്‍സെടുത്ത് പുറത്തായി. രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും, ആന്റിച് നോര്‍ക്യയും രണ്ട് വിക്കറ്റ് വീതവും, മാര്‍ക്കോ ജാന്‍സണും, കഗിസോ റബാദയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *