ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചു. റിങ്കു സിംഗിനെ റിസര്‍വ് താരമായി മാത്രം ഉള്‍പ്പെടുത്തിയതടക്കം വിമര്‍ശന വിധേയമായി. മോശം ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമിലുള്‍പ്പെടുത്തിയത് പലര്‍ക്കും രസിച്ചില്ല. ‘മറ്റ് ഓപ്ഷനുകള്‍’ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തിയതെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകനാണ് ഹാര്‍ദ്ദിക്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദ്ദിക്കിനെ നായകനായി നിയമിച്ചത് ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. ഐപിഎല്ലില്‍ ടോസ് ഇടാന്‍ വന്ന ഹാര്‍ദ്ദിക്കിനെ കൂവി വിളിച്ചാണ് അന്ന് മുംബൈ ആരാധകര്‍ വരവേറ്റത്.
കൂടാതെ ഐപിഎല്ലില്‍ മുംബൈ നിരാശജനകമായ പ്രകടനത്തിലൂടെ പുറത്താവുകയും, ടൂര്‍ണമെന്റിലുടനീളം ഹാര്‍ദ്ദിക് മോശം ഫോം കാഴ്ചവയ്ക്കുകയും ചെയ്തതോടെ വിമര്‍ശനങ്ങള്‍ കടുത്തു.
ഈ സാഹചര്യത്തിലാണ് ഹാര്‍ദ്ദിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സൈബറിടങ്ങളില്‍ ചര്‍ച്ച മുറുകിയത്. മോശം ഫോമിലുള്ള താരത്തെ ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റനാക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമൂഹമാധ്യമ പേജുകളിലടക്കം ആരാധകര്‍ പൊങ്കാല ഇട്ടു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യ ടി20 ലോകകപ്പില്‍ വീണ്ടുമൊരു കിരീടം നേടുന്ന ഈ വേളയില്‍ അന്ന് ഹാര്‍ദ്ദിക്കിനെ വിമര്‍ശിച്ചവര്‍ ദുഃഖിക്കുന്നുണ്ടാകാം. കാരണം ബാറ്റിംഗിലും, ബൗളിംഗിലും ഒരു പോലെ തിളങ്ങിയ ഹാര്‍ദ്ദിക്കിന്റെ പ്രകടനം ടീം വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ പുറത്താകാതെ 23 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. ബൗളിംഗില്‍ ഒരു വിക്കറ്റെടുക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് പിഴുതത് മൂന്ന് വിക്കറ്റുകളാണ്. താരം എറിഞ്ഞ നാലോവറില്‍ ഒരെണ്ണം മെയ്ഡനുമായിരുന്നു.
പാകിസ്ഥാനെതിരെ നടന്ന അടുത്ത മത്സരത്തില്‍ ഹാര്‍ദ്ദിക് സ്വന്തമാക്കിയത് രണ്ട് വിക്കറ്റുകള്‍. യുഎസിനെതിരെ നടന്ന മത്സരത്തിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. 
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ 23 പന്തില്‍ 32 റണ്‍സ് ഹാര്‍ദ്ദിക് നേടി. രണ്ടോവര്‍ മാത്രമാണ് അഫ്ഗാനെതിരെ എറിഞ്ഞത്. വിക്കറ്റ് നേടാനായില്ല. തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ ഹാര്‍ദ്ദിക്കായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 27 പന്തില്‍ 50 റണ്‍സെടുത്ത ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് സ്വന്തമാക്കുക കൂടി ചെയ്തു. ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ താരം പുറത്താകാതെ 17 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്തു. 
ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ 13 പന്തില്‍ 23 റണ്‍സായിരുന്നു ഹാര്‍ദ്ദിക്കിന്റെ സംഭാവന. കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം നേടിയത് പുറത്താകാതെ രണ്ട് പന്തില്‍ അഞ്ച് റണ്‍സ്. ബൗളിംഗില്‍ പിഴുതെടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളും. 

By admin

Leave a Reply

Your email address will not be published. Required fields are marked *