ബാര്‍ബഡോസ്: ”സോറി ദക്ഷിണാഫ്രിക്ക. ഈ യുദ്ധം ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി പോരാടിയതാണ്. പല കലാശപ്പോരാട്ടങ്ങളും സമ്മാനിച്ച വേദന മറക്കാന്‍ ഞങ്ങള്‍ ഈ ജയം കൂടിയേ തീരൂ”, ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയോട് ടി20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യയുടെ ആരാധകര്‍ക്ക് പറയാനുള്ളത് ഒരുപക്ഷേ ഇതാകാം.   20123ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐസിസി ട്രോഫി നേടുന്നത്. 2007ന് ശേഷം ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യവും.
 ആകാംക്ഷയും ആശങ്കയും പകര്‍ന്നുനല്‍കിയ കലാശപ്പോരാട്ടത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 176. ദക്ഷിണാഫ്രിക്ക-20 ഓവറില്‍ എട്ട് വിക്കറ്റിന് 169.
177 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടി നല്‍കി. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക് അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത് പുറത്ത്. ജസ്പ്രീത് ബുംറ ഹെന്‍ഡ്രിക്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ ആവേശക്കൊടുമുടി കയറിയ നിമിഷം.
തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം കൂടി പുറത്തായതോടെ ആവേശം അണപൊട്ടി. അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത മര്‍ക്രമിനെ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ ക്വിന്റോണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചു. 8.5 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 70ല്‍ എത്തിനില്‍ക്കെ 21 പന്തില്‍ 31 റണ്‍സെടുത്ത സ്റ്റബ്‌സിനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കി. 12.3 ഓവറില്‍ ഡി കോക്ക് കൂടി പുറത്തായതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിച്ചു. 31 പന്തില്‍ 39 റണ്‍സായിരുന്നു ഡി കോക്കിന്റെ സമ്പാദ്യം. 
എന്നാല്‍ തുടക്കം തൊട്ട് ആഞ്ഞടിച്ച ഹെയ്ന്റിച്ച് ക്ലാസണ്‍ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. സ്റ്റേഡിയത്തിന്റെ തലങ്ങും വിലങ്ങും പന്ത് അടിച്ചുപറത്തിയ ക്ലാസണ്‍ 27 പന്തില്‍ നേടിയത് 52 റണ്‍സ്. അതും അഞ്ച് സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ. ഒടുവില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബോളില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് ക്ലാസണ്‍ പുറത്തായെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യത്തിന് വേണ്ട റണ്‍ റേറ്റ് വളരെ കുറഞ്ഞിരുന്നു. 
എന്നാല്‍ നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത മാര്‍ക്കോ ജാന്‍സണിന്റെ കുറ്റി പിഴുത് ബുമ്ര ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 
എങ്കിലും അപകടകാരിയായ ഡേവിഡ് മില്ലര്‍ ക്രീസില്‍ തുടരുന്നത് ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മില്ലര്‍ സിക്‌സറിന് ശ്രമിച്ചു. എന്നാല്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ സൂര്യകുമാര്‍ യാദവ് അത്യുഗ്രന്‍ ക്യാച്ചെടുത്തതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും തളര്‍ന്നു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത കഗിസോ റബാദയും സൂര്യകുമാറിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്ക കിണഞ്ഞ് പരിശ്രമിച്ചിട്ടും നേടാനായത് എട്ട് റണ്‍സ്‌ മാത്രം.
ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിംഗും, ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും, അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.
കൈപിടിച്ചുയര്‍ത്തി കോഹ്ലിയും, അക്‌സറും
തുടക്കത്തില്‍ അഭിമുഖീകരിച്ച അതിദയനീയമായ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്‌ വിരാട് കോഹ്ലിയും അക്‌സര്‍ പട്ടേലും. 59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലിയുടെയും, 31 പന്തില്‍ 47 റണ്‍സെടുത്ത അക്‌സറിന്റെയും ബാറ്റിംഗ് മികവില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പടുത്തുയര്‍ത്തിയത് 176 റണ്‍സ്. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ പ്രകടനം.
തുടക്കത്തില്‍ തന്നെ ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഞെട്ടിച്ചു. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രോഹിത് കേശവ് മഹാരാജിന്റെ പന്തില്‍ ഹെയിന്റിച്ച് ക്ലാസന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. തൊട്ടുപിന്നാലെ ഋഷഭ് പന്ത് സംപൂജ്യനായി മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. നേരിട്ട രണ്ടാം പന്തില്‍ പന്ത് പുറത്തായി. മഹാരാജ് എറിഞ്ഞ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റോണ്‍ ഡി കോക്ക് ക്യാച്ചെടുത്താണ് താരം പുറത്തായത്.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. കഗിസോ റബാദയെ സിക്‌സര്‍ പറത്താനുള്ള ശ്രമം പരാജയപ്പെട്ടാണ് സൂര്യ പുറത്തായത്. ക്ലാസണാണ് സൂര്യയുടെ ഷോട്ട് മികച്ച രീതിയില്‍ കൈപിടിയിലൊതുക്കിയത്.
തുടര്‍ന്നായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസമായി കോഹ്ലിയും അക്‌സറും ഒത്തുച്ചേര്‍ന്നത്. ഇരുവരുടെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ചത് വിലപ്പെട്ട 72 റണ്‍സാണ്. മികച്ച ത്രോയിലൂടെ അക്‌സറിനെ റണ്ണൗട്ടാക്കി ഡി കോക്ക് ആ കൂട്ടുക്കെട്ട് പൊളിച്ചു. നാല് സിക്‌സറിന്റെയും, ഒരു ഫോറിന്റെയും അകമ്പടിയോടെയായിരുന്നു അക്‌സറിന്റെ പ്രകടനം.
19-ാം ഓവറിലാണ് കോഹ്ലി പുറത്തായത്. മാര്‍ക്കോ ജാന്‍സണെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ റബാദയ്ക്ക് ക്യാച്ച് നല്‍കി കോഹ്ലി പുറത്തായി. ആറു ഫോറും രണ്ട് സിക്‌സറും കോഹ്ലി അടിച്ചുകൂട്ടി. 
മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും മേമ്പൊടിയോടെ 16 പന്തില്‍ 27 റണ്‍സെടുത്ത  ശിവം ദുബ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പിന്നീടെത്തിയ രവീന്ദ്ര ജഡേജ രണ്ട് പന്തില്‍ റണ്‍സെടുത്ത് പുറത്തായി. രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും, ആന്റിച് നോര്‍ക്യയും രണ്ട് വിക്കറ്റ് വീതവും, മാര്‍ക്കോ ജാന്‍സണും, കഗിസോ റബാദയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *