കോട്ടയം: മലയാള മനോരമയുടെ മൂന്നാമത് എഡിറ്റോറിയല്‍ ഡയറക്ടർ തിങ്കളാഴ്ച പദവി ഏറ്റെടുക്കുകയാണ്. അതിനു മുന്‍പായി മാത്യൂസ് വർഗീസ് എന്ന തോമസ് ജേക്കബിന്‍റെ പിന്‍ഗാമി ഞായറാഴ്ച പടിയിറങ്ങും.
മലയാള മനോരമയിൽ മാനേജ്മെൻ്റിൻ്റെ കണ്ണിലുണ്ണിയായിരുന്ന, മുടിചൂടാമന്നനായിരുന്ന തോമസ് ജേക്കബിനെ കുടിയിരുത്താനാണ് പത്രത്തിൽ എഡിറ്റോറിയൽ ഡയറക്ടർ പദവി സൃഷ്ടിച്ചത്. കണ്ണിലുണ്ണിയൊക്കെയായിരുന്നെങ്കിലും പ്രായം 75 പിന്നിട്ടപ്പോൾ അദ്ദേഹത്തെ മാനമായി പറഞ്ഞു വിട്ടു. പിന്നെയാര് എഡിറ്റോറിയൽ ഡയറക്ടർ ?
മാത്യൂസ് വർഗീസും ജോസ് പനച്ചിപ്പുറവും അസോസിയേറ്റ് എഡിറ്റർമാരാണ്. ഒരേ ബാച്ചിൽ വന്നവർ. പക്ഷേ മാത്യൂസ് വർഗീസിനാണ് നറുക്ക് വീണത്. മനോരമയുടെ സ്വന്തം സമുദായാംഗം എന്ന പരിഗണന കൂടി വന്നപ്പോഴാണ് പനച്ചിപ്പുറം തള്ളിപ്പോയത്. ചെറുതായിരുന്നില്ല പനച്ചിയുടെ സങ്കടം. മാനേജ്മെൻ്റിൻ്റെ പ്രസംഗവും കത്തെഴുത്തും മുതലങ്ങോട്ട് കുഞ്ചുക്കുറുപ്പു വരെ പനച്ചി സൃഷ്ടിയാണ്.
രണ്ടു കൈ കൊണ്ടും ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം എഴുതും. അദ്ദേഹത്തിനിത് സഹിക്കുമോ ? സഹിക്കില്ലെന്ന് മാനേജ്മെൻ്റിനും അറിയാവുന്നതിനാൽ അനുനയമായി പനച്ചിക്ക് ഒരു സ്ഥാനക്കയറ്റം കൊടുത്തു – സീനിയർ അസോസിയേറ്റ് എഡിറ്റർ.
ചെറുപ്പത്തിൽ മനോരമയിൽ ചെറിയ റിബൽ ഒക്കെ കളിച്ചിട്ടുണ്ടെങ്കിലും വയസാം കാലമായതിനാൽ, താൻ തഴയപ്പെട്ടെങ്കിലും പനച്ചി വായ്പൂട്ടിയിരുന്ന് നല്ല കുഞ്ഞാടായി.
ഇതിനിടെ ഭാഷാപോഷിണിയുടെ എഡിറ്റർ ഇൻ ചാർജ് പദവിയും കൂടി കൊടുത്ത് പനച്ചിയെ മനേജ്മെൻ്റ് പ്രസാദിപ്പിച്ചു. അങ്ങനെ വർഷങ്ങൾ നീളവേ മാത്യൂസ് വർഗീസിനും പുറത്തേക്ക് വഴിതെളിഞിരിക്കുന്നു. വെറുതെയല്ല. മാത്യൂസിന് വയസ് 75 ആയി. ഇനി സാക്ഷാൽ ജോസ് പനച്ചിപ്പുറത്തിനാണ് ഊഴം.ആനന്ദലബ്ധിക്ക് വേറെന്തു വേണം.
മാത്യൂസിന് വന്‍ യാത്രയയപ്പ്
അങ്ങനെ ഈ 30 ന് മാത്യൂസ് പടിയിറങ്ങുമ്പോൾ പനച്ചി പടികേറും. മാത്യൂസിൻ്റെ യാത്രയയപ്പും തോമസ് ജേക്കബിൻ്റെതു പോലെ തകർക്കാൻ മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. മംഗളപത്രം ആരെഴുതും.
രണ്ടാമത് ആലോചിക്കാനില്ല, തോമസ് ജേക്കബ് തന്നെ. തോമസ് ജേക്കബ്ബിനാണോ കഥപറച്ചിലിൽ പഞ്ഞം. അദ്ദേഹം മംഗളപത്രം എഴുതി വെട്ടിയും തിരുത്തിയും മനോഹരമാക്കിയിട്ടുണ്ടാകാം. വയസിൻ്റെ പരിമിതികളെ മറികടന്ന് അദ്ദേഹം ഓർമകളെ ഉണർത്തി.
എന്തൊക്കെ പറഞ്ഞാലും മാത്യൂസ് ഒരു നേരെ വാ നേരെ പോ പ്രകൃതക്കാരനാണ്. യാത്രയയപ്പ് മഹാമഹത്തിൽ അദ്ദേഹം എന്തൊക്കെ പുകഴ്ച കേൾക്കാനിരിക്കുന്നു. ചീഫ് എഡിറ്റർ മമ്മൻ മാത്യു വിട്ടുകൊടുക്കില്ല. റിട്ടയർ ആയി ഇരിക്കുകയാണ് അദ്ദേഹം. പ്രസംഗം അദ്ദേഹം പൊടിപൊടിക്കും.
പനച്ചിക്ക് വെല്ലുവിളിയേറെ
കണക്കിൽ 24.5 ലക്ഷം കോപ്പിയുണ്ടായിരുന്ന മനോരമയ്ക്ക് ഇന്ന് അതിന്‍റെ പകുതിക്കടുത്താണ് കോപ്പി. പരസ്യക്കാർ സത്യമറിഞ്ഞിട്ടുണ്ടോ എന്തോ ? ഇനിയിപ്പോൾ പനച്ചി ശീർഷാസനത്തിൽ നിന്നാലും ഒരു കോപ്പി പോലും കൂടില്ല. എന്തായാലും പനച്ചിയല്ലെ ആള്. പത്രത്തിൽ തൻ്റെ വരവറിയിക്കാൻ ചില ചെപ്പടിവിദ്യകൾ കാണിക്കാതിരിക്കില്ല.
ഇതിനിടെ പനച്ചിയുടെ വരവിൽ മനോരമയിലെ ചില എഡിറ്റർമാർ കിടുങ്ങിയിരിക്കുകയാണ്. മാത്യൂസിൻ്റെ ചാവേറുകളായിരുന്നു അവർ. പനച്ചിയെ ഇകഴ്ത്താൻ ശ്രമിച്ചിട്ടുമുണ്ട് ഇവർ. എല്ലാമറിയുന്നവൻ പനച്ചി
ചാവേറുകൾ മനോരമ സംസ്കാരത്തിൻ്റെ ഭാഗമാണ്. സൃഷ്ടി തുടങ്ങി വച്ചത് തോമസ് ജേക്കബ്. ചാവേറുകൾക്ക് സ്ഥാനക്കയറ്റവും കിഴിയും ( ഓരോ വർഷവും കൊടുക്കുന്ന പ്രത്യേക ഇനാമാണ് കിഴി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് ) യഥേഷ്ടം. അതങ്ങനെ തുടരുന്നു.