പാപനാശം ഹെലിപ്പാടിൽ സ്ഥിതിചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഏതു നിമിഷവും കടലിലേക്ക് പതിക്കാവുന്ന അവസ്ഥയിൽ

തിരുവനന്തപുരം: വർക്കല പാപനാശം ഹെലിപ്പാടിൽ സ്ഥിതിചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഏതു നിമിഷവും കടലിലേക്ക് പതിക്കാവുന്ന അവസ്ഥയിൽ. ക്ലിഫിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിക്കപ്പെട്ട ദൂര പരിധി ലംഘിച്ചു കൊണ്ടാണ് പൊലീസ് എയ്ഡ് പോസ്റ്റ്‌ സ്ഥാപിച്ചിരിക്കുന്നത്. ജീവൻ പണയം വെച്ചാണ് പൊലീസുകാർ ഇവിടെ ജോലി ചെയ്യുന്നത്.

വിനോദസഞ്ചാര മേഖലയായ വർക്കല പാപനാശം ഹെലിപ്പാടിൽ, കുന്നിനു മുകളിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന പൊലീസ് എഡ് പോസ്റ്റ് മാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഹെലിപ്പാട് ടാക്സി സ്റ്റാൻഡിനോട് ചേർന്ന് ക്ലിഫിന്റെ മുനമ്പിൽ അനധികൃതമായി നിർമ്മാണം നടത്തിയ പൊലീസ് എയ്ഡ് പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ തകർന്ന് നിലം പൊത്താവുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു.  

ക്ലിഫിന്റെ വശത്ത് നിർമ്മാണങ്ങൾ നടത്താൻ പാടില്ല എന്ന നിയമം നിലനിൽക്കെ ആണ്  2020 ൽ കുന്നിനോട് ചേർന്ന് പൊലീസ് എയ്ഡ്പോസ്റ്റ്   നിർമ്മിച്ചത്.  എന്നാൽ നിർമാണത്തെക്കുറിച്ച് വർക്കല നഗരസഭ ഉദ്യോഗസ്ഥർക്ക് യാതൊരു അറിവും ഇല്ല. ഇക്കഴിഞ്ഞ മഴയിൽ ക്ലിഫിന്റെ കുന്നുകൾ വ്യാപകമായി ഇടിഞ്ഞു താഴ്ന്നിരുന്നു.  ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് നിന്നും 5 മീറ്റർ വ്യത്യാസത്തിലാണ്  എയ്ഡ് പോസ്റ്റ് സ്ഥിതിചെയ്യുന്നത്. ഇനി ഒരു ശക്തമായ മഴ ഉണ്ടായാൽ ഒരു വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 

പൊലീസുകാർ ജീവൻ പണയം വെച്ചാണ് എയ്ഡ് പോസ്റ്റിന് ഉള്ളിൽ ജോലി നോക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് വർക്കലയിൽ എത്താറുള്ളത്. ഇവർക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസുകാർ സ്വന്തം സുരക്ഷയിൽ ആശങ്കരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin