ഗയാന പിച്ച് ഇന്ത്യയെ സഹായിക്കാനായി ഒരുക്കിയതെന്ന് മൈക്കല്‍ വോണ്‍, വായടപ്പിച്ച് ഹര്‍ഭജന്‍

ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിന് വേദിയായ ഗയാനയിലെ പിച്ച് ഇന്ത്യയെ സഹായിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലില്‍ എത്തിയതിന് പിന്നാലെയാണ് വോണ്‍ ഗയാനയിലെ പിച്ച് ഇന്ത്യയെ സഹായിക്കുന്നതാണെന്ന് എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയത്.

ഇന്ത്യ ഫൈനലിലെത്തിയത് അര്‍ഹിച്ച വിജയം തന്നെയാണ്. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീമാണ് ഫൈനലിലെത്തിയത്. ഗയാനയിലെ സ്ലോ പിച്ച് ഇന്ത്യക്ക് അനുയോജ്യമായായിരുന്നു. ഈ പിച്ചില്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന് വ്യക്തമായിരുന്നു. കാരണം, സ്ലോ പിച്ചില്‍ ഇന്ത്യ മികവ് കാട്ടുമെന്ന് ഉറപ്പായിരുന്നുവെന്ന് വോണ്‍ പറഞ്ഞു. എന്നാല്‍ കരച്ചില്‍ നിര്‍ത്തൂവെന്നും ഐസിസി ഇന്ത്യയെ ഗയാനയില്‍ കളിപ്പിച്ചതല്ലെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് സെമി കളിച്ചിരുന്നതെങ്കില്‍ ഉറപ്പായും ഫൈനലില്‍ എത്തുമായിരുന്നുവെന്ന് വോണ്‍ ആവർത്തിച്ചു. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ സെമി കളിക്കാന്‍ കഴിയുമായിരുന്നു. അവിടെ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തുമായിരുന്നുവെന്നും മൈക്കല്‍ വോണ്‍ ആരാധകന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

എന്നാല്‍ വോണിന്‍റെ പ്രസ്താവനക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഹര്‍ഭജൻ സിംഗും രംഗത്തെത്തി. ഗയാനയിലെ പിച്ച് ഇന്ത്യക്ക് മാത്രമായിട്ട് എങ്ങനെയാണ് അനുകൂലമാകുക. രണ്ട് ടീമും ഒരേ പിച്ചില്‍ അല്ലെ കളിച്ചത്. ടോസ് നേടിയതിന്‍റെ മുന്‍തൂക്കവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്താതെ ഇംഗ്ലണ്ടിനെ എല്ലാ മേഖലയിലും ഇന്ത്യ തൂത്തുവാരിയെന്ന് അംഗീകരിക്കാന്‍ പഠിക്കു. ആ വസ്തുത അംഗീകരിച്ച് മുന്നോട്ടു പോകു. അല്ലാതെ ഇത്തരം വങ്കത്തരങ്ങള്‍ വിളിച്ചു പറയുകയല്ല വേണ്ടത്. മണ്ടത്തരം വിളിച്ചു പറയുന്നത് നിര്‍ത്തിയിട്ട് സാമാന്യബുദ്ധിയോടെ സംസാരിക്കുവെന്നും വോണിനോട് ഹര്‍ഭജന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin