കുടുംബത്തിന്റെ ആര്‍ദ്രതയും ചാലിച്ച ത്രില്ലിംഗ് സിനിമാ കാഴ്‍ച, ബിഗ് ബെൻ- റിവ്യു
ഭൂരിഭാഗവും യുകെയില്‍ ചിത്രീകരിച്ച ഒരു സിനിമയാണ് ബിഗ് ബെൻ. പേരിലെയും ആ സൂചന യാദൃശ്ചികമായിരിക്കില്ല. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ പാലസിന്റെ വടക്ക് കിഴക്കൻ പ്രദേശത്തുള്ള ഘടികാരത്തിന്റെയും ടവറിന്റെയും പേരാണ് ബിഗ് ബെൻ. യുകെയില്‍ ജോലിയുള്ള പുതുതലമുറക്കാരുടെ കഥ പറയുന്നതോടൊപ്പം കുടുംബബന്ധങ്ങളുടെ വൈകാരികാംശങ്ങളും നിറയുന്ന ത്രില്ലര്‍ ചിത്രമായിരിക്കുകയാണ് ബിഗ് ബെൻ.
യുകെയിലാണ് ലൗലി ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ജീൻ ആന്റണിയും ഒരേയൊരു മകളും കേരളത്തിലും. ഒരു ഘട്ടത്തില്‍ ലൗലി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജീൻ ആന്റണി യുകെയില്‍ എത്തുന്നു. വീട്ടിലെ പ്രാരാബ്‍ധങ്ങള്‍ മാറ്റാനായിരുന്നു പ്രധാന കഥാപാത്രമായ ലൗലി യുകെയിലെത്തുന്നത്. ജീൻ ആന്റണിയും അവിടെ എത്തുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ഈഗോയിസ്റ്റായ ജീൻ ആന്റണി പ്രശ്‍നങ്ങളില്‍ പെട്ടതിനെ തുടര്‍ന്ന് അവിചാരിതമായ സംഭവങ്ങളുണ്ടാകുന്നു. അതിനെ എങ്ങനെയാണ് ജീൻ ആന്റണി തരണം ചെയ്‍ത് മറികടക്കുക എന്നതാണ് പ്രധാന കഥാ തന്തു.
യഥാര്‍ഥ സന്ദര്‍ഭങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ള കഥയാണ് ബിഗ് ബെന്നിന്റേത്. ബിഗ് ബെൻ മുന്നേറുമ്പോഴാണ് നായക കഥാപാത്രത്തിന്റെ യഥാര്‍ഥ വശങ്ങള്‍ വ്യക്തമായും അവതരിപ്പിക്കുന്നത്. തൊഴിലില്‍ ജീൻ ആന്റണി നേരിടേണ്ടി വന്ന പ്രശ്‍നങ്ങള്‍ യുകെയിലും വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. യുകെയിലെ നിയമത്തിന്റെ കാഠിന്യം കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് അവരുടെ കുടുംബത്തെ നഷ്‍ടപ്പെടാൻ ഇടയാക്കുന്നു.
കുടുംബത്തിനു വേണ്ടി ജീൻ ആന്റണി എന്തിനും തയ്യാറായി ഇറങ്ങിത്തിരിക്കുന്നതാണ് ഒരു ത്രില്ലിംഗ് സിനിമയാക്കി മാറ്റുന്നത്. യുകെയിലെ വ്യവസ്‍ഥിതിയോട് ജീനെന്ന നായക കഥാപാത്രം എങ്ങനെ പോരാടും എന്നതാണ് ആകാംക്ഷഭരിതമാക്കുന്നത്. യുകെയില്‍ ജോലി ചെയ്യുന്നവരുടെ മാനസികാവസ്ഥയും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. നിയമത്തിന്റെ കുരുക്കിനെ മറികടന്ന് നായകൻ തന്റ കുടുംബത്തെ വീണ്ടെടുക്കുമോ എന്ന ഉദ്വേഗജനകമായ ചോദ്യത്തിന്റെ ഉത്തരത്തിന് ബിഗ് ബെൻ എന്ന സിനിമ കാണണം.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിനോ അഗസ്റ്റിനാണ്. ലളിതമായ ആഖ്യാനമാകുമ്പോഴും ത്രില്ലിംഗായ ഒരു സിനിമാ അനുഭവം സമ്മാനിക്കാൻ ബിനോ അഗസ്റ്റിനാകുന്നുണ്ട്. കുടുംബന്ധത്തിന്റെ തീവ്രത നിറയുന്ന സന്ദര്‍ഭങ്ങളിലൂടെ ചിത്രത്തെ പ്രേക്ഷകനോട് ചേര്‍ത്തുനിര്‍ത്തുന്നു. നിയമത്തിന്റെ ദുര്‍ഗ്രഹത അനുഭവപ്പെടാതെ ഒരു സിനിമാ കാഴ്‍ചയായി അവതരിപ്പിക്കുന്നതാണ് ബിനോ അഗസ്റ്റിന്റെ തിരക്കഥാ എഴുത്തും.
യുവ നടൻ അനു മോഹനാണ് ചിത്രത്തില്‍ ജീൻ ആന്റണിയായിരിക്കുന്നത്. കഥാപാത്രത്തിന്റെ കാര്‍ക്കശ്യവും പരുക്കൻ സ്വഭാവും ചിത്രത്തില്‍ പകര്‍ത്തുമ്പോഴും കുടുംബനാഥന്റെ ആര്‍ദ്രതയും നിറയുന്നു. ലൗലിയെ അവതരിപ്പിച്ച അതിഥി രവിയും ചിത്രത്തില്‍ വൈകാരികമായ സന്ദര്‍ഭങ്ങളില്‍ പക്വതയോടെ പകര്‍ന്നാടിയിരിക്കുന്നു. വിജയ് ബാബു, ബിജു സോപാനം തുടങ്ങിയവരും മികച്ചതായിരിക്കുന്നു.
സജാദ് കാക്കുവാണ് യുകെയുടെ മനോഹാര്യത ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ഛായാഗ്രാഹണം പ്രമേയത്തിന്റെ സ്വഭാവത്തിനൊത്താണ്. സംഗീതം അനില്‍ ജോണ്‍സണാണ്. കട്ടുകള്‍ റിനോ ജേക്കബിന്റേതും.