ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ടാക്സി ഡ്രൈവറുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപു അറിയിച്ചു.
അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മന്ത്രി സന്ദര്‍ശിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലും രാജ്യത്തെ മറ്റ് വിമാനത്തവളങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇന്നു രാവിലെയാണ് ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.