ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ‘ചെങ്കോലി’നെച്ചൊല്ലി ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വാക്കുതര്‍ക്കം. ചെങ്കോലിന്റെ പ്രസക്തിയെ പ്രതിപക്ഷ എംപിമാര്‍ ചോദ്യം ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിപക്ഷം അവഹേളിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്താണ് ചെങ്കോലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. ചെങ്കോലിന് പകരം ഭരണഘടനയുടെ പകര്‍പ്പാണ് വയ്‌ക്കേണ്ടതെന്ന് ആർ.കെ. ചൗധരി പറഞ്ഞു.
“ഭരണഘടനയുടെ അംഗീകാരമാണ് രാജ്യത്ത് ജനാധിപത്യത്തിന് തുടക്കം കുറിച്ചത്. ഭരണഘടന ജനാധിപത്യത്തിന്റെ പ്രതീകമാണ്. ബിജെപി സർക്കാർ കഴിഞ്ഞ തവണ സ്പീക്കറുടെ കസേരയ്ക്ക് സമീപം ‘ചെങ്കോല്‍’ സ്ഥാപിച്ചു. രാജാവിൻ്റെ അധികാരദണ്ഡ് എന്നും ചെങ്കോലിന് അര്‍ത്ഥമുണ്ട്. രാജാക്കന്മാരുടെ കാലത്തിനുശേഷം നാം സ്വതന്ത്രരായി. ഇപ്പോൾ, വോട്ടർമാരായ ഓരോ സ്ത്രീയും പുരുഷനും ഈ രാജ്യം ഭരിക്കാൻ സർക്കാരിനെ തിരഞ്ഞെടുക്കുന്നു. അങ്ങനെയെങ്കില്‍ രാജ്യം ഭരിക്കേണ്ടത് ഭരണഘടന അനുസരിച്ചാണോ, അതോ ചെങ്കോല്‍ ഉപയോഗിച്ചാണോ?” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ചൗധരിയെ പിന്തുണച്ച് പാര്‍ട്ടി മേധാവി അഖിലേഷ് യാദവും രംഗത്തെത്തി. ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍ പ്രധാനമന്ത്രി അതിന് മുന്നില്‍ വണങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹം കുമ്പിടാന്‍ മറന്നു. എംപി അത് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും അഖിലേഷ് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ബി മാണിക്കം ടാഗോറും സമാജ്‌വാദി പാർട്ടി എംപിയെ പിന്തുണച്ചു. ചെങ്കോല്‍ രാജത്വത്തെ പ്രതീകപ്പെടുത്തുന്നുവെന്നും രാജ്യയുഗം അവസാനിച്ചുവെന്നും തങ്ങള്‍ വ്യക്തമായി പറഞ്ഞതാണെന്നും, ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് നമ്മള്‍ ആഘോഷിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ചൗധരിയുടെ ആവശ്യത്തെ ആർജെഡി എംപിയും ലാലു പ്രസാദ് യാദവിൻ്റെ മകളും മിസ ഭാരതിയും പിന്തുണച്ചു. ആര് ഇക്കാര്യം ആവശ്യപ്പെട്ടാലും പിന്തുണയ്ക്കുമെന്നായിരുന്നു മിസയുടെ പ്രതികരണം.
പിന്നാലെ ഇന്ത്യൻ ചരിത്രത്തോടും സംസ്‌കാരത്തോടും സമാജ്‌വാദി പാർട്ടിക്ക് ബഹുമാനമില്ലെന്ന് വിമര്‍ശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ചെങ്കോലിനെക്കുറിച്ചുള്ള അവരുടെ പരാമര്‍ശങ്ങള്‍ അപലപനീയാണ്. ഇത് അവരുടെ അറിവില്ലായ്മ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് തമിഴ് സംസ്കാരത്തോടുള്ള ഇന്ത്യാ മുന്നണിയുടെ വെറുപ്പും ഇത് കാണിക്കുന്നുവെന്ന് ആദിത്യനാഥ് ആരോപിച്ചു.