രക്ഷകരായി രോഹിത്തും സൂര്യകുമാറും, നിരാശപ്പെടുത്തി കോലി; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 172 റണ്‍സ് വിജയലക്ഷ്യം
ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും(9 പന്തില്‍ 17*) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്കിയപ്പോള് വിരാട് കോലി(9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു.
നിരാശപ്പെടുത്തി വീണ്ടും കോലി
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റീസ് ടോപ്ലി എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്. ആദ്യ ഓവറില്‍ ആറ് റണ്‍സെടുത്ത ഇന്ത്യ ജോഫ്ര ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സ് കൂടി നേടി സുരക്ഷിതമായി തുടങ്ങി. റീസ് ടോപ്ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്സിന് പറത്തി പ്രതീക്ഷ നല്കിയ വിരാട് കോലിയെ നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ടോപ്ലി തിരിച്ചടിച്ചു. ഒരിക്കല്‍ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ രോഹിത്തിന്റെ ബാറ്റിലായി.
Kohli Dismissed for 9 from 9 balls. pic.twitter.com/dU1BWsnPoB
— Johns. (@CricCrazyJohns) June 27, 2024
പവര്‍പ്ലേയിലെ അവസാന ഓവറില്‍ റിഷഭ് പന്തിനെ(6 പന്തില്‍ 4) സാം കറന് ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദില്‍ റഷീദിനെ രണ്ട് തവണ ബൗണ്ടറി കടത്തിയ രോഹിത്തും ക്രിസ് ജോര്‍ദ്ദാന്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 65 റണ്‍സിലെത്തിച്ചു. മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട ഇന്ത്യ സാം കറന് എറിഞ്ഞ പതിമൂന്നാം ഓവറില്‍ 19 റണ്‍സടിച്ച് 100 കടന്നു. 36 പന്തില്‍ രോഹിത് അര്‍ധസെഞ്ചുറി തികച്ചു. ഒപ്പം മൂന്നാം വിക്കറ്റില്‍ സൂര്യയും രോഹിത്തും ചേര്ന്് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമുയർത്തി.
WHAT A CRAZY SIX BY CAPTAIN ROHIT. 🫡 pic.twitter.com/Xg1Z8yJx9m
— Johns. (@CricCrazyJohns) June 27, 2024
ഇരട്ടപ്രഹരത്തില്‍ തളര്‍ന്ന് ഇന്ത്യ
പിന്നാലെ പതിനാലാം ഓവറില്‍ ആദില്‍ റഷീദിന്റെ താഴ്ന്നു വന്ന പന്തില്‍ രോഹിത് ബൗള്‍ഡായി പുറത്തായി. പതിനഞ്ച് ഓവറില്‍ 117/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനാറാം ഓവറില്‍ സൂര്യകുമാര്‍ യാദവ് വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 36 പന്തില്‍ 47 റണ്‍സെടുത്ത സൂര്യ രണ്ട് സിക്സും നാലു ഫോറും പറത്തി. രോഹിത്തും സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. 13 മുതല്‍ 17 വരെയുള്ള ഓവറുകളില്‍ 22 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്.
THE SURYA SPECIAL. 🤯👌 pic.twitter.com/DU01aDHWYW
— Johns. (@CricCrazyJohns) June 27, 2024
പതിനെട്ടാം ഓവറില്‍ ക്രിസ് ജോര്‍ദ്ദനെ തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തിയ ഹാര്‍ദ്ദിക് ഇന്ത്യയെ 170 കടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്തടുത്ത പന്തുകളില്‍ ഹാര്‍ദ്ദിക്കിനെയും(13 പന്തില്‍ 23) ശിവം ദുബെയെയും(0) പുറത്താക്കി ജോര്‍ദ്ദാൻ ഇരട്ട പ്രഹരമേല്‍പ്പിച്ചത് ഇന്ത്യക്ക് ഇരുട്ടടിയായി. ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച ജഡേജ ഇന്ത്യയെ 150 കടത്തിയപ്പോള്‍ ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്സ് പറത്തിയ അക്സര്‍ പട്ടേല്‍ ഇന്ത്യയെ 171ല്‍ എത്തിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ 8ലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്.