തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശിപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് കെ.കെ രമ എംഎല്‍എ. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്ന് രമ ആരോപിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
പ്രതിപക്ഷ നേതാവിന്റെ ആദ്യ സബ്മിഷനായി വിഷയം നിയമസഭയില്‍ എത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം.