തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ നാലു പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള രഹസ്യ നീക്കം മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത് എങ്ങനെ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സർക്കാർ.
ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങൾ ആരാഞ്ഞ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തും ഇക്കാര്യത്തിൽ ജയിൽ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണവും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും ഇതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയായ യുവ ഐ.പി.എസുകാരനെയാണ് സർക്കാരിന് സംശയം. എസ്.പിയെ അവിടെ നിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

ഇരുപത് വർഷം ശിക്ഷയനുഭവിക്കാതെ ഇളവിന് പരിഗണിക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെ, ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവിനായി പോലീസ് റിപ്പോർട്ട് തേടിയ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും അതൊരു കണ്ണിൽ പൊടിയിടൽ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷായിളവിന് പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിന് നൽകിയിരുന്നു. ഇതിലാണ് ടി.പി കേസിലെ പ്രതികൾ ഉൾപ്പെട്ടത്. ഹൈക്കോടതി ഉത്തരവുപ്രകാരം ഇവർക്ക് ശിക്ഷായിളവിന് അർഹതയില്ല.
ഇവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. സൂപ്രണ്ടിനോട് ജയിൽ മേധാവി വിശദീകരണം തേടിയിരുന്നു. തെറ്റായ പട്ടിക തയ്യാറാക്കി പൊലീസ് റിപ്പോർട്ട് തേടിയതിന് ഉത്തരവാദികളായ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ശിക്ഷായിളവിനുള്ള തടവുകാരുടെ പുതിയ പട്ടിക സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ നാലു പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിനെതിരായ പ്രതിപക്ഷ ബഹളത്തിൽ നിയമസഭ പ്രക്ഷുബ്‌ധമായി. ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പലവട്ടം വാഗ്വാദവും പോർവിളിയുമുണ്ടായി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. സ്പീക്കറുടെ പോഡിയത്തിനു മുന്നിൽ പ്ലക്കാർഡുയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. അരമണിക്കൂറോളം സഭ ബഹളത്തിൽ മുങ്ങി. പ്രതികളുടെ ശിക്ഷായിളവിന് സർക്കാർ വഴിതേടുകയാണെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞയാഴ്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാതിരുന്ന ശിക്ഷായിളവ് വിഷയം ഇന്നലെ വി.ഡി.സതീശൻ സബ്മിഷനായി ഉന്നയിക്കുകയായിരുന്നു. മൂന്നല്ല, നാല് പ്രതികൾക്കാണ് ഇളവെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ട്രൗസർ മനോജാണ് നാലാമൻ.

ശിക്ഷായിളവ് അഭ്യൂഹമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കടക്കം 3 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കെ.കെ.രമയുടെ മൊഴിയെടുത്തു.

20വർഷം ശിക്ഷയനുഭവിക്കാതെ ഇളവ് നൽകരുതെന്ന ഹൈക്കോടതി ഉത്തരവുള്ളപ്പോഴാണിത്. രാഷ്ട്രീയക്കൊലകളിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകരുതെന്ന് നിയമസഭ പാസാക്കിയ നിയമം സർക്കാർ ഉത്തരവിലൂടെ ഭേദഗതി ചെയ്തത് ഈ പ്രതികൾക്കായാണ്.
പരോളും അവധിയും ശിക്ഷായിളവും ആകെ ശിക്ഷയുടെ മൂന്നിലൊന്നിൽ കുറവായിരിക്കണമെന്ന ചട്ടവും പാലിക്കാതെയാണ് ഇളവിന് ശ്രമിച്ചത്. പ്രതികൾ പരോളിലിറങ്ങി സ്വർണക്കടത്ത്, മയക്കുമരുന്ന്- തോക്ക് കേസുകളിൽ പ്രതികളായി.
ഒരു കാരണവശാലും പ്രതികൾക്ക് ശിക്ഷായിളവ് നൽകില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതോടെ സബ്മിഷനായി സതീശന് കൂടുതൽ സമയം അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളംവച്ചു.

ഇരുപത് വർഷം ശിക്ഷയനുഭവിക്കാതെ പ്രതികൾക്ക് ഇളവിന് അർഹതയില്ലെന്നും നിയമവിരുദ്ധമായ ഒരു പരിഗണനയും ആർക്കും നൽകില്ലെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ല. ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടാവില്ല.

ഇവരെ ഒഴിവാക്കി ശിക്ഷായിളവിനുള്ള അന്തിമപട്ടിക ജയിൽമേധാവി സർക്കാരിന് നൽകും. ഇതുസംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ശിക്ഷായിളവിന് പുതുക്കിയ പട്ടികനൽകാൻ ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി കഴിഞ്ഞ മൂന്നിന് ജയിൽമേധാവിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
ജൂൺ മൂന്നിന് ആഭ്യന്തരസെക്രട്ടറി ശിക്ഷായിളവ് പട്ടിക പുതുക്കാൻ ഉത്തരവിട്ടിട്ടും ഞായറാഴ്ച പൊലീസ് രമയുടെ മൊഴിയെടുത്തത് എന്തിനെന്ന് സതീശൻ ചോദിച്ചു.
പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റേത് കുടില രാഷ്ട്രീയമാണെന്നും ഇല്ലാത്ത പ്രശ്നമുയർത്തി ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *