ചങ്ങനാശേരി: ക്ലാസുകള്‍ എടുക്കുന്നതില്‍ കൃത്യവിലോപം കാട്ടിയ ചങ്ങനാശേരി ഗവ. എച്ച്എസ്എസിലെ അഞ്ച് അധ്യാപകരെ സ്ഥലം മാറ്റി. നീതു ജോസഫ്, വി.എം. രശ്മി , ടി.ആര്. മഞ്ജു, എ.ആര്. ലക്ഷ്മി , ജെസി ജോസഫ് എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റിയത്.
അധ്യാപിക നീതു ജോസഫ് സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രകാശ് കുമാറിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. അധ്യാപകര്‍ പഠിപ്പിക്കുന്നതു മനസിലാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളും രംഗത്ത് വന്നിരുന്നു.
അധ്യാപകര്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ആര്‍ഡിഡി നടത്തിയ അന്വേഷണത്തിലാണ് നടപടിയുണ്ടായത്. വിജയ ശതമാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജോബ് മൈക്കിള്‍ എംഎല്‍എയും പിടിഎയും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപകര്‍ പ്രവര്‍ത്തിക്കുകയാണെന്നും കോട്ടയം ആര്‍ഡിഡി സൂചിപ്പിച്ചിട്ടുണ്ട്.
സ്പെഷല്‍ ക്ലാസുകള്‍ എടുക്കാന്‍ ഇംഗ്ലീഷ് അധ്യാപിക തയാറായില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 31 ചിത്രങ്ങള്‍ക്ക് പകരം 81 ചിത്രങ്ങള്‍ ബോട്ടണി പ്രാക്ടിക്കല്‍ റെക്കോര്‍ഡില്‍ വരയ്ക്കാന്‍ വിദ്യാര്‍ഥികളോട് അധ്യാപിക ആവശ്യപ്പെട്ടുവെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നുണ്ട്. വിദ്യാര്‍ഥികളെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടുന്നു.