കൗമാര ശാസ്ത്ര നവീന കണ്ടുപിടുത്തം: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം
ചിറ്റൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൗമാര ശാസ്ത്ര നവീന കണ്ടുപിടുത്തങ്ങളിൽ നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. മാലിന്യം സോളാർ വൈദ്യുതിയുടെ സഹായത്തോടെ ജൈവ വളമാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥികള്‍ മുന്നോട്ടുവെച്ചത്.
ഭക്ഷ്യപദാർത്ഥങ്ങളിലെ ഖര, ദ്രാവക രൂപത്തിലുള്ള മാലിന്യങ്ങളെ പഞ്ചായത്തിലെ വാർഡ് തലം കേന്ദ്രീകരിച്ച് ടാങ്കിൽ നിക്ഷേപിച്ച് സോളാർ വൈദ്യുതിയുടെ സഹായത്താൽ മലിന ജലത്തെ ഈർപ്പമില്ലാതാക്കി നിശ്ചിത കാലയളവിൽ സൂക്ഷിച്ച് ജൈവ വളമാക്കി മാറ്റുന്നതാണ് പദ്ധതി. മലിന ജലം ശുദ്ധീകരിച്ച് പൊതുസ്ഥലത്തുള്ള ടാങ്കിന് സമീപത്തു തന്നെ ജൈവപച്ചക്കറി കൃഷി നടത്താം എന്നതാണ് വിദ്യാർത്ഥികളുടെ പ്രൊജക്ട്. ബി വിദ്യ, എം ഹരീന്ദ്രൻ എന്നീ വിദ്യാർത്ഥികളാണ് മലയാളം അധ്യാപിക പി ആർ ബിന്ദുമതി ടീച്ചറുടെ മേൽനോട്ടത്തിൽ പ്രൊജക്റ്റ് സമർപ്പിച്ചത്.