ഒരിഞ്ച് അങ്ങട്ടോ ഇങ്ങോട്ടോ ഇല്ല, രോഹിത്തും ബട്‌ലറും എല്ലാ കണക്കിലും ഒപ്പത്തിനൊപ്പം, അന്തംവിട്ട് ആരാധകർ

ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയുടെയും ജോസ് ബട്‌ലറുടെയും കണക്കുകളിലെ സാമ്യത കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. എല്ലാ കണക്കിലും ഒപ്പത്തിനൊപ്പമാണ് രോഹിത്തും ബട്‌ലറുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോൺ എക്സ് പോസ്റ്റില്‍ പങ്കുവെച്ച കണക്കുകള്‍ പറയുന്നു.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ രോഹിത്താണെങ്കില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍ ജോസേട്ടനാണ്. ഇരുവരും ഈ ലോകകപ്പില്‍ നേടിയതാകട്ടെ 191 റണ്‍സ് വീതം. തീര്‍ന്നില്ല ഇരുവരും ഈ ലോകകപ്പില്‍ നേരിട്ട പന്തുകളിലുമുണ്ട് സമാനത്. 120 പന്തുകളാണ് രോഹിത്തും ബട്‌ലറും ഈ ലോകകപ്പില്‍ ഇതുവരെ നേരിട്ടത്.

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശവാര്‍ത്ത, ഗയാനയില്‍ മഴ തുടങ്ങി

ലോകകപ്പിലെ സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിലും ഇരുവരും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. 159.16 ആണ് ഈ ലോകകപ്പില്‍ രോഹിത്തിന്‍റെയും ബട്‌ലറുടെയും സ്ട്രൈക്ക് റേറ്റ്. ലോകകപ്പില്‍ മാത്രമല്ല, ഈ വര്‍ഷം ഇരുവരും കളിച്ച ടി20 മത്സരങ്ങളിലും സമാനതകളുണ്ട്. ഒമ്പത് ടി20 മത്സരങ്ങള്‍ വീതമാണ് ഇരുവരും ഈ വര്‍ഷം കളിച്ചത്.

ഈ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഇരുവരും നേരിട്ടതാകട്ടെ 192 പന്തുകള്‍ വീതമാണ്. അവിടെയും തീരുന്നില്ല സമാനത. ഈ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഇരുവരും നോട്ടൗട്ടായത് രണ്ട് തവണ വീതമാണ്. ഈ വര്‍ഷം നേടിയ അര്‍ധ സെഞ്ചുറികളാകട്ടെ രണ്ടെണ്ണം വീതവും. കണക്കുകളിലെ ഈ പൊരുത്തവുമായി സെമിയിൽ ഇരുവരും നേര്‍ക്കു നേര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ എങ്ങനെ മാറിമറിയുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലെ ആദ്യ രണ്ട് കളികളിലും വലിയ ഇന്നിംഗ്സുകളൊന്നും പുറത്തെടുക്കാന്‍ കഴിയാതിരുന്ന രോഹിത് സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 41 പന്തില്‍ 92 റണ്‍സ് അടിച്ചാണ് ഫോമിലായത്. അമേരിക്കക്കെതിരായ സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബട്‌ലര്‍ അടിച്ചതാകട്ടെ 38 പന്തില്‍ 83 റണ്‍സായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin