മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, കശുമാവ് പിഴുതുവീണ് കൂര നിലംപൊത്തി; എന്തുചെയ്യുമെന്നറിയാതെ പ്രദീപും കുടുംബവും

ആലപ്പുഴ: മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ കിടപ്പാടം ഉൾപ്പെടെ എല്ലാം നഷ്ടമായ ഞെട്ടലിലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി പ്രദീപ്‌ കുമാറും കുടുംബവും. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്.

മുറ്റത്ത് തണലായി നിന്ന കശുമാവ് കാറ്റൊന്ന് ആഞ്ഞു വീശിയപ്പോൾ വേരോടെ പിഴുതുവീണു. ഒരു ശബ്ദം കേട്ടതോർമയുണ്ട്. ഒന്ന് ചിന്തിക്കും മുൻപ് കൂരയൊന്നാകെ നിലം പൊത്തി. ഇറങ്ങി ഓടാൻ പോലും സമയം ഉണ്ടായില്ല. ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവമെന്ന് പ്രദീപ് പറഞ്ഞു. അയൽവാസികള്‍ ഓടിക്കൂടിയാണ് രക്ഷിച്ചത്. തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടി. മകളുടെ മുഖത്തെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. സ്കൂളിൽ പോകാനുള്ള ബാഗും കുടയും പുസ്തകവുമെല്ലാം നശിച്ചു. അതിന്റെ ആശങ്കയുമുണ്ട്. 

മത്സ്യത്തൊഴിലാളിയായ പ്രദീപ്‌ കക്കവാരി കിട്ടുന്നത് കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. നാല് മക്കളുണ്ട്. ഉള്ളതെല്ലാം മിച്ചം വച്ച് വാങ്ങിയ വീട്ടുസാധങ്ങൾ ഉൾപ്പെടെ എല്ലാം നഷ്ടമായി. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഞെട്ടലിലാണ് ഈ കുടുംബം.

By admin