പാലക്കാട്: വടകരയില്‍ ഉശിരന്‍ വിജയം നേടിയ ഷാഫി പറമ്പില്‍ എംപി രാജിവച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ സീറ്റിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുന്ന സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്‍റെ തിളക്കം മായാതെതന്നെ സിറ്റിംങ്ങ് സീറ്റായ പാലക്കാട് ഗംഭീര വിജയം ഉറപ്പിക്കേണ്ടത് കോണ്‍ഗ്രസിന്‍റെ അനിവാര്യതയാണ്. അതിനാല്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാളിച്ചകളുണ്ടാകരുതെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ട്.
ജില്ലയില്‍ നിന്നുണ്ടായിരുന്ന മുന്‍ എംഎല്‍എ കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബലറാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം എന്നീ പേരുകളാണ് ആദ്യഘട്ടത്തില്‍ പരിഗണനാ ലിസ്റ്റില്‍ ഉള്ളത്. എന്നാല്‍ രണ്ടു പേരുകളിലും വിജയം ഉറപ്പിക്കുന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനില്ല.
അതിനാല്‍ തന്നെ മുന്‍ തൃശൂര്‍ എംപിയും കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റുമായ അഡ്വ. ടിന്‍ പ്രതാപന്‍റെ പേരും ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമാണ്. മുസ്ലിം, ഹിന്ദു വോട്ടുകള്‍ ഒരേപോലെ സ്വാധീനിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി എന്ന നിലയിലാണ് പ്രതാപന്‍റെ പേര് മുന്നോട്ടു വയ്ക്കുന്നത്. മാത്രമല്ല, ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംങ്ങ് എംപി എന്ന പരിഗണന പ്രതാപന് ഗുണം ചെയ്തേക്കാം.
മുന്‍ തൃത്താല എംഎല്‍എ ആയിരുന്ന വിടി ബലറാം കഴിഞ്ഞ തവണ എംബി രാജേഷിനോടാണ് തോറ്റത്. തൃത്താലയില്‍ 10 വര്‍ഷം എംഎല്‍എ ആയിരുന്ന ബലറാമിന് പാലക്കാട് ജില്ലയില്‍ മോശമല്ലാത്ത ജനസ്വാധീനവുമുണ്ട്. പക്ഷേ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത ഉണ്ടെന്നിരിക്കെ ഹൈന്ദവ വോട്ടുകള്‍ സ്വാധീനിക്കുന്നതില്‍ ബലറാമിന്‍റെ ചില മുന്‍ നിലപാടുകള്‍ വിഘാതമാകുമോ എന്ന ആശങ്കയുണ്ട്.
ഒപ്പം ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ബലറാമിന് കഴിയുമോ എന്നതും മറ്റൊരു സംശയമാണ്. എങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കു മുമ്പിലും അവതരിപ്പിക്കാന്‍ കഴിയുന്ന പൊതു സ്വീകാര്യന്‍ എന്നത് ബലറാമിന് അനുകൂലമാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനായി ചരടു വലിക്കുന്നത് രാജിവച്ച ഷാഫി പറമ്പില്‍ തന്നെയാണ്. ഷാഫിയുടെ നിര്‍ദേശങ്ങള്‍ക്ക് പരിഗണന കൊടുക്കാതിരിക്കാനും കഴിയില്ല. പക്ഷേ ഒരു ഉപതെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന പൊതു സ്വീകാര്യത രാഹുലിന് ലഭിക്കില്ലെന്ന അഭിപ്രായം ശക്തമാണ്.
രാഹുലിന്‍റെ വിദേശ സന്ദര്‍ശനങ്ങളില്‍ ഉണ്ടായിട്ടുള്ള പക്വത ഇല്ലാതെയുള്ള ചില ഇടപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പു വേളയില്‍ ചര്‍ച്ച ആവാനും സാധ്യതയുണ്ട്. ശക്തനായ ബിജെപി സ്ഥാനാര്‍ഥി എതിരാളി ആയി വരുമ്പോള്‍ ഹൈന്ദവ വോട്ടുകളെ സ്വാധീനിക്കാന്‍ രാഹുലിന് എത്രത്തോളം കഴിയും എന്നതും സംശയമാണ്. ഷാഫിയുടെ പിന്തുണ ഉണ്ടെങ്കില്‍ പോലും ന്യൂനപക്ഷ വോട്ടുകളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിയുമോ എന്നതും സംശയമാണ്.
ഈ സാഹചര്യത്തിലാണ് ടിഎന്‍ പ്രതാപനേപ്പോലുള്ള ജനപ്രിയതയുള്ള മുതിര്‍ന്ന നേതാവിനെതന്നെ പരിഗണിക്കുന്നത്. ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ പ്രതാപനേപ്പോലുള്ള മുതിര്‍ന്ന നേതാവിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. പ്രതാപന് വിവിധ ജനവിഭാഗങ്ങളിലുള്ള സ്വീകാര്യത ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.