ടി20 ലോകകപ്പില്‍ സ്വപ്‌നതുല്ല്യമായ പ്രകടനത്തിലൂടെ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ലോകകപ്പ് കിരീടത്തിനും ഇന്ത്യയ്ക്കുമിടയില്‍ ഇനി രണ്ടേ രണ്ട് വിജയങ്ങളുടെ അകലം മാത്രം. മിക്ക താരങ്ങളും മികച്ച ഫോമില്‍. വിരാട് കോഹ്ലി, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനാകാത്തത്. അതില്‍ എടുത്തുപറയേണ്ടത് ജഡേജയുടെ കാര്യമാണ്. ഓള്‍ റൗണ്ടറായ ജഡേജയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനായിട്ടില്ല. അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കി അവസരം കാത്തിരിക്കുന്നവരില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ മുറവിളി.
എന്നാല്‍ ജഡേജയെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ജഡേജയുടെ ഫോമിനെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഗവാസ്‌കറുടെ നിലപാട്. 
താരത്തിന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ കണക്കിലെടുക്കണമെന്നും ഗവാസ്‌കര്‍ വാദിക്കുന്നു. തൻ്റെ അനുഭവപരിചയവും ഫീൽഡിംഗ് കഴിവും കൊണ്ട് ജഡേജ വളരെയധികം മൂല്യം കൊണ്ടുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“അദ്ദേഹം വളരെ പരിചയസമ്പന്നനായതിനാൽ എനിക്ക് ഒട്ടും ആശങ്കയില്ല. കിട്ടിയ അവസരങ്ങൾ എല്ലാം നന്നായി ചെയ്തു.  തൻ്റെ ഫീൽഡിംഗ് കഴിവ് കൊണ്ട് 20 മുതൽ 30 വരെ റൺസ് അദ്ദേഹം രക്ഷിച്ചു. ക്യാച്ചുകൾ എടുക്കുകയും റണ്ണൗട്ടാകുകയും ചെയ്തു. അതുകൊണ്ട് ആ 20-30 പ്ലസ് റൺസ് മറക്കരുത്. അദ്ദേഹം ബാറ്റിംഗും ബൗളിംഗും അധിക മൂല്യമാണ്. രണ്ട് മോശം പ്രകടനങ്ങളിലൂടെ ‘അയാളെ കൊണ്ട് എന്തുചെയ്യാനാണ്’ എന്ന് ചോദിക്കുന്നതാണ് ഇന്ത്യന്‍ ആരാധകരുടെ പ്രശ്‌നം”ഗവാസ്‌കർ പറഞ്ഞു.
അതേസമയം, ഗവാസ്‌കറുടെ നിലപാടിനെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മലയാളിതാരം സഞ്ജു സാംസണടക്കം മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് ഗവാസ്‌കര്‍. കോഹ്ലിയെപോലും പല തവണ ഗവാസ്‌കര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ചില താരങ്ങളുടെ കാര്യത്തില്‍ മാത്രം ഈ വിമര്‍ശനം എന്താണ് ഇല്ലാത്തതെന്നാണ് ചില ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *