ഒരു ദിവസത്തിനപ്പുറം റിലീസ്; ‘കല്‍ക്കി’യിലെ തീം സോംഗ് എത്തി

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രം ഈ വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കല്‍ക്കി 2898 എഡി ആണ് അത്. എപിക് ഡിസ്ട്ടോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തീം സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 

പുറത്തെത്തിയിരിക്കുന്ന തീം സോംഗ് തെലുങ്കിലാണ്. കാല ഭൈരവ, അനന്ദു, ഗൗതം ഭരദ്വാജ് എന്നിവര്‍ക്കൊപ്പം കോറസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചന്ദ്രബോസിന്‍റേതാണ് വരികള്‍. പല ഭാഷകളിലെയും പ്രധാന താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുന്ന ചിത്രത്തിന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പാണ് ഉള്ളത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. പ്രഭാസ്,  അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രം എന്നതുതന്നെയാണ് ഏറ്റവും വലിയ യുഎസ്‍പി.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. സാന്‍ ഡിയാ​ഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

ALSO READ : ‘സേനാപതി’ വരാര്‍; തിരൈയ്ക്ക് തീ കൊളുത്താന്‍ കമല്‍ ഹാസന്‍; ‘ഇന്ത്യന്‍ 2’ ട്രെയ്‍ലര്‍

By admin