2008 ഡിസംബർ 14 ന് ഇറാഖിലെ ബാഗ്ദാദ് നഗരത്തിൽ വെച്ച് മുൻതസർ അൽ സൈദി എന്ന പത്രപ്രവർത്തകൻ അന്നത്തെ അമേരിക്കയുടെ ശക്തനായ പ്രസിഡന്റിനു നേർക്ക് ഷൂ വലിച്ചെറിഞ്ഞപ്പോൾ അത് ഒരായിരം മിസൈലുകൾ ഒന്നിച്ചു പതിക്കുന്നതിനേക്കാൾ വലിയ ആഘാതമാണ് അമേരിക്കയുടെ മേൽ വരുത്തിവെച്ചത്.
ആ ഷൂകൾ ബുഷിന്റെ ശരീരത്തിൽ പതിച്ചിരുന്നുവെങ്കിൽ ഇത്രേം ആഘാതം വരില്ലായിരുന്നു. വല്ലവന്റെ കാര്യങ്ങളിൽ അനാവശ്യമായി പക്ഷപാതമായി ഇടപെടുന്ന ഏതൊരുത്തനും കിട്ടാവുന്ന ഒരു അന്ത്യശാസനമായാണ് ആ ഷൂ ജനമനസ്സിൽ സ്ഥാനം പിടിച്ചത്. അതിനു ശേഷം പല സദസ്സുകളിലും പല നേതാക്കൾക്കും ഷൂ ഏറ് ഒരു പതിവായിരുന്നു.
ഇക്കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രി വാരണാസിയിൽ എത്തി. കഴിഞ്ഞ തവണ നാലര ലക്ഷവും ഇത്തവണ ഒന്നര ലക്ഷവും വോട്ടുകൾ തന്നു സഹായിച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുവാനായി നടത്തിയ വാഹന ജാഥക്കിടെ ഒരു ‘ഷൂ’ കാറിന്റെ ബോണറ്റിൽ വന്നു പതിക്കുകയും പാവപ്പെട്ട ഗാർഡ് അത് എടുത്തു വലിച്ചെറിയുന്നതും മുഖ്യധാരാ ഗോഡി മീഡിയയിൽ ഒഴികെ എല്ലാറ്റിലും കാണിക്കുന്നുണ്ടായിരുന്നു.

നരേന്ദ്ര മോദിയെ സംബന്ധിടത്തോളം അതൊരു അഭിമാനപ്രശ്നം തന്നെയാണ്. എന്തുകൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു എന്നതും അദ്ദേഹം മനസ്സിരുത്തി പഠിക്കേണ്ടതായും ഉണ്ട്. കാരണം അത്രയും ഉയരങ്ങളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നത്.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വിധം ജസ്റ്റ് പാസ് ആയ മോദിജി ചെയ്യേണ്ടിയിരുന്നത് മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഒന്നോ രണ്ടോ നാൾക്കു ശേഷം ആ സ്ഥാനം രാജിവെച്ചുകൊണ്ട് തനിക്ക് വിശ്വസനീയനായ ഒരാളെ ആ പദവി ഏൽപ്പിക്കുകയും ചെയ്യണമായിരുന്നു. എന്നിട്ട് ഒരു മെന്റർ അഥവാ ഉപദേശകൻ ആയി മാറുന്നതായിരുന്നു ഉചിതം.
ഇതിപ്പോൾ മോദിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഇലക്ഷൻ തുടങ്ങിയ നാളുകൾ മുതൽ ഇന്ന് വരെ ഉള്ള ഐശ്വര്യം പോയതായി കാണപ്പെടുന്നു. എന്തായാലും 75 വയസായാൽ ഈ വക സൗകര്യങ്ങൾ ഒക്കെ അവസാനിപ്പിച്ചുകൊണ്ട് ആത്മീയതയിലേക്ക് നീങ്ങുവാൻ ആർഎസ്എസ് കാലങ്ങളായി നിർബന്ധിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിലെ ബിജെപിയേക്കാൾ സ്ഫോടനാത്മകമായ കാര്യങ്ങളാണ് കേന്ദ്രത്തിലെ ബിജെപിയിൽ കഴിഞ്ഞ കുറെ കാലങ്ങളായി അരങ്ങേറി കൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ഒന്നടങ്കം വിലക്ക് വാങ്ങിയതുകൊണ്ടും വിമർശകരെ ഒന്നടങ്കം വായടപ്പിച്ചതുകൊണ്ടും ആരും ഒന്നും വെളിയിൽ പറയുന്നില്ലെന്നേ ഉള്ളൂ.

യോഗിയും അമിത്ഷായും തമ്മിൽ മിണ്ടിയിട്ട് വര്ഷങ്ങളായി. രാജ്‌നാഥ്‌ സിങ്ങും മോദിയും തമ്മിൽ നന്നായൊന്നു മിണ്ടിയിട്ട് വർഷങ്ങളായി. നിതിൻ ഗഡ്കരി പാർട്ടി തീരുമാനങ്ങൾക്ക് അതീതമായല്ല പ്രവർത്തിക്കുന്നത്. നദ്ദയുടെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ പിടിച്ചു നിർത്തിയിരിക്കുന്നത് ആർഎസ്എസിനെ അകറ്റി നിർത്തുവാനാണ്. മോഹൻ ഭഗവത് – നരേന്ദ്ര മോഡി അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

അരവിന്ദ് കെജ്രിവാൾ ചെയ്തത് പോലെ ഇവരുടെ പടലപ്പിണക്കങ്ങൾ വെളിയിൽ അവതരിപ്പിച്ചാൽ മാത്രമേ ജനത്തിന്റെ അമിതരാധന ലേശം എങ്കിലും കുറയ്ക്കുവാൻ സാധിക്കുകയുള്ളൂ. എല്ലാവരും വിചാരിച്ചിരിക്കുന്നത് മോദിയും അമിത്ഷായും കൂടി പാർട്ടിയെ ഒന്നടങ്കം തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തിയതുകൊണ്ടാണ് ഇത്രയും നാൾ ഒറ്റക്കെട്ടായി ഭരിക്കുവാൻ ആയത് എന്നാണ്. 
ഏത് സമയവും പൊട്ടി ചിന്നി ചിതറാവുന്ന തരത്തിലാണ് പാർട്ടിയും പാർട്ടിയുടെ നേതാക്കളും പോയിക്കൊണ്ടിരിക്കുന്നത്. ഇത് മുതലെടുക്കുവാൻ പ്രതിപക്ഷകക്ഷികൾക്ക് ആയാൽ പിന്നെ കേരളത്തിലെ ബിജെപിയുടെ അവസ്ഥയെക്കാൾ മോശമായിരിക്കും കേന്ദ്രത്തിലെ ബിജെപി. അതിന്റെ തെളിവാണ് ഉത്തർ പ്രദേശത്തിൽ യോഗിയും ആർഎസ്എസും മോഡിക്കിട്ട് കാണിച്ചു കൊടുത്തത്. അഹങ്കാരം അവസാനിപ്പിക്കുവാൻ കൊടുത്ത എട്ടിന്റെ പണി.
ഒട്ടേറെ സീറ്റുകളിൽ ചെറിയ വോട്ടുകൾക്ക് പ്രതിപക്ഷ കക്ഷികൾ തോറ്റിട്ടുണ്ട് എന്നതും ബിജെപിക്ക് നന്നായറിയാം. ഏകദേശം നൂറോളം സീറ്റുകൾ മോഡിക്കും ബിജെപിക്കും അധികം ലഭിച്ചത് കേവലം നിസ്സാര വോട്ടുകൾ ഭൂരിപക്ഷത്തിൽ മാത്രമാണ്.

പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചിരുന്നുവെങ്കിൽ മോദിജി കാശിക്ക് പോകേണ്ടി വന്നേനെ എന്ന് അവിടത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിൽ മോഡിജി പ്രസംഗിച്ച മണ്ഡലങ്ങളിൽ എല്ലാറ്റിലും ബിജെപിയും സഖ്യ കക്ഷികളും പരാജയപ്പെട്ടത് ഇന്ത്യയിൽ നന്മ ഇപ്പോഴും ബാക്കി നിൽക്കുന്നുവെന്നതിന്റെ സൂചന മാത്രമാണെന്ന് ശരത് പവാർ പ്രഖ്യാപിച്ചുകഴിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയെ എല്ലാ ജില്ലകളിലേക്കും ക്ഷണിച്ചിരിക്കുകയാണ് പവാറും ഉദ്ധവും.

രാജസ്ഥാനിൽ മോഡിജി വിഷം ചീറ്റിയ മണ്ഡലത്തിൽ ഒരുലക്ഷത്തിന് മേലെ വോട്ടുകൾക്കാണ് കോൺഗ്രസ്സ് ജയിച്ചു കയറിയത്. തമിഴ്‍നാട്ടിൽ രജനികാന്തിനെ മുൻ നിർത്തിക്കൊണ്ട് അണ്ണാമലയെ തുറുപ്പാക്കി പ്ലാൻ ചെയ്ത കളികളിൽ അവർ പ്രതീക്ഷിച്ചത് 40 ൽ 40 സീറ്റുകളുമാണ്. 
പക്ഷെ തൂത്തുക്കുടിയിലെ ആശുപത്രി സന്ദർശനത്തിൽ സന്തോഷ് എന്ന 21 വയസുകാരൻ രജനീകാന്തിനെ കളിയാക്കിയപ്പോൾ അന്ന് രാത്രി തന്നെ രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചു.
അതുപോലെ പലയിടങ്ങളിലും മോദിയുടെയും അമിത്ഷായുടെയും കുനുഷ്ട് ബുദ്ധികൾ ഇത്തവണ ഫലം കാണാതെ വന്നതും സ്വന്തം പാളയത്തിലെ പടയാളികൾ തിരിഞ്ഞു കുത്തിയതും 400 സീറ്റെന്ന അഹങ്കാര തള്ളിമറിക്കൽ ജനങ്ങളിൽ വെറുപ്പുണ്ടാക്കുകയും ചെയ്തപ്പോൾ ഇന്ത്യയിൽ മോഡി അമിത്ഷാ യുഗം അവസാനിപ്പിക്കുവാൻ ജനം വിധിയെഴുതി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യ സവിശേഷത.
എത്ര ഉയരത്തിൽ പറന്നാലും സമ്മാനം വാങ്ങുവാൻ താഴേക്ക് വന്നേ പറ്റൂ !!!
ആ ചെരുപ്പെറിഞ്ഞവൻ ആരായിരിക്കും എന്ന ചിന്തയിൽ ദാസനുംഏത് സമയവും സർക്കാർ നിലംപൊത്തിയെന്ന ഫ്ലാഷ് ന്യൂസിനായി കാത്തിരുന്നുകൊണ്ട് വിജയനും 

By admin

Leave a Reply

Your email address will not be published. Required fields are marked *