കോട്ടയം: തലങ്ങും വലങ്ങും പായുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ പരിശോധനകള്‍ക്ക് അതീതര്‍. തേഞ്ഞു തീര്‍ന്ന ടയറും അമിത വേഗവും എല്ലാമാണെങ്കിലും മോട്ടോര്‍വാഹന വാകുപ്പോ പോലീസോ ഇതൊന്നും പരിശോധിക്കാറില്ലെന്നു മാത്രം. കഴിഞ്ഞ ദിവസം നടന്ന രണ്ട് അപകടങ്ങള്‍ വിരല്‍ചൂണ്ടുന്നത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ കടുത്ത അനാസ്ഥയാണ്. കൊച്ചി മാടവനയില്‍ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം കല്ലട അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസിന്റെ അമിതവേഗമായിരുന്നു.
മഴപെയ്തു നനഞ്ഞ് കിടന്ന റോഡില്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ബസിന്റെ പുറകില്‍ ഇടതുവശത്തെ രണ്ടു ടയറുകളും ഏറെക്കുറെ തേഞ്ഞു തീര്‍ന്ന നിലയിലായിരുന്നു. നനഞ്ഞ റോഡില്‍ ബ്രേക്ക് ലഭിച്ചില്ല. തുടര്‍ന്നു ബസ് സിഗ്നല്‍ പോസ്റ്റല്‍ ഇടിച്ചു ബൈക്കിനു മുകളിലേക്ക് മറിയുകയും ബൈക്ക് യാത്രികന്‍ മരിക്കുകയും ചെയ്തിരുന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ പരുക്കുകളോടെയാണു പുറത്തെടുത്തത്. സമാന അപകടമാണു കഴിഞ്ഞ ദിവസം പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കുറിഞ്ഞിക്കു സമീപമുള്ള കുഴിവേലി വളവില്‍ നടന്നത്.
ബംഗളൂരുവിലേക്കു ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന സുരാജ് ഹോളിഡെയ്‌സിന്റെ ബസ് മറിഞ്ഞതുണ്ടായ അപകടത്തില്‍ പതിനേഴ്‌പേര്‍ക്കു പരുക്കേല്‍ക്കുയും ചെയ്തിരുന്നു. റോഡിന്റെ അപകടവളവ് അപകടത്തിന് ഒരു കാരണായെങ്കിലും ബസിന്റെ ടയറുകള്‍ തേഞ്ഞു തീര്‍ന്നു നൂലു കാണാവുന്ന അവസ്ഥയിലായിരുന്നു. റോഡില്‍ മണ്ണടക്കം അടിഞ്ഞു കൂടിക്കിടന്നതിനാല്‍ ബ്രേക്ക് പിടിച്ചിട്ടു കിട്ടിയില്ല. ഇതേ തുടര്‍ന്നു ബസ് മറിയുകയായിരുന്നു.
മുന്‍പു കല്ലട ട്രാവല്‍സിന്റെ ബസും ഇവിടെ മറിഞ്ഞിട്ടുണ്ട്. ബംഗളുരു, ചെന്നൈ, മംഗലാപുരം ഉള്‍പ്പെടെയുള്ള റൂട്ടുകളിലേക്ക് അന്തര്‍ സംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസുകള്‍ പരിശോധനകള്‍ക്കു വിധേയമാകാറില്ല. അഥവാ പിടിക്കപ്പെട്ടാലും കടുത്ത നടപടി ഉണ്ടാകാറുമില്ല. റോഡ് നിറഞ്ഞു വരുന്ന ഇത്തരം ബസുകള്‍ക്കു മുന്നില്‍ നിന്നു ഇരുചക്രവാഹന യാത്രക്കാര്‍ പലപ്പോഴും രക്ഷപ്പെടുന്നതു തലനാരിഴയ്ക്കാണ്. ഈ ബസുകളുടെ നഗരത്തില്‍ ഉള്‍പ്പെടെയുള്ള വഴിയോരത്തെ പാര്‍ക്കിങ്ങും അപകടക്കെണിയാകാറുണ്ട്. എം.സി. റോഡില്‍ ഉള്‍പ്പടെ തിരക്കേറിയ റോഡുകള്‍ക്ക് താങ്ങാവന്നതിനും അപ്പുറമാണ് ഇത്തരം ബസുകള്‍.