തിരുവനന്തപുരം: ഛത്തീ​സ്​ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശിയാണ് കൊല്ലപ്പെട്ട വിഷ്ണു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്.

വിഷ്ണുവിന്റെ മൃതദേഹം ഇന്ന് അർധരാത്രിയോടെ പാലോടുള്ള വീട്ടിലെത്തിക്കും. അടുത്തമാസം 15 ന് നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു. സ്വന്തമായി പുതിയൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി മടങ്ങി ഒന്നരമാസം കഴിയുമ്പോഴാണ് വിഷ്‌ണുവിന്റെ കുടുംബത്തെ തേടി വിയോഗ വാർത്ത എത്തുന്നത്.
പത്തുവർഷമായി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേഴ്സ് ആയി ജോലി ചെയ്തുവരികയാണ്. വീരമൃത്യു വരിച്ച രണ്ടാമത്തെ ജവാൻ യുപി സ്വദേശിയാണ്. കാൺപൂരിൽ നിന്നുള്ള 29-കാരൻ ശൈലേന്ദ്രയാണ് വീരമൃത്യു വരിച്ചത്. ഇരുവരും CoBRA 201 ബറ്റാലിയനിലെ ജവാന്മാരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed