മലയാളത്തിന്റെ പ്രിയ താരമാണ് നസ്രിയ. ഐഡിയ സ്റ്റാർ സിംഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായി എത്തിയ നസ്രിയ, മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നത് വളരെ വേഗത്തിൽ ആയിരുന്നു. നമ്മളിൽ ഒരാളാണെന്ന് എപ്പോഴും തോന്നിപ്പിക്കുന്ന നസ്രി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ട തന്നെ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നതും. അത്തരത്തിൽ നസ്രിയ നയൻതാരയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.
‘ഈ ദിവസത്തിനായി എന്താണിത്ര താമസമുണ്ടാത്’, എന്ന കുറിപ്പോടെയാണ് നസ്രിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫഹദിന്റെയും വിഘ്നേശിന്റെയും ഒപ്പമുള്ള ഫോട്ടോകളും താരം പങ്കിട്ടിട്ടുണ്ട്. ഒന്നിച്ചൊരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നസ്രിയയും നയൻതാരയും തമ്മിലുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടില്ല. പ്രിയ താരങ്ങൾ ഇതാദ്യം ഒന്നിച്ചെത്തിയതിന്റെ ആവേശം പ്രേക്ഷകരിൽ പ്രകടമാണ്.
2013ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാജാറാണിയിൽ ആയിരുന്നു നസ്രിയയും നയൻതാരയും ഒന്നിച്ച് അഭിനയിച്ചത്. എന്നാൽ ഇവർക്ക് കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. നസ്രിയ കീർത്തന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ റജീന എന്ന വേഷത്തിൽ ആയിരുന്നു നയൻസ് എത്തിയത്. ആര്യയും ജയിയും ആയിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ അടക്കം വൻ സ്വീകര്യത ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലി ആയിരുന്നു.