കൊൽക്കത്ത: ഇന്ത്യ – ബംഗ്ലദേശ് സൗഹൃദം ദൃഢമാക്കാൻ പുതിയ ട്രെയിൻ സർവീസ് വരുന്നു. ബംഗ്ലദേശിലെ രാജ്ഷാഹിക്കും കൊൽക്കത്തയ്‌ക്കും ഇടയിലായി രാജ്ഷാഹി– കൊൽക്കത്ത ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത് 77 വർഷങ്ങൾക്ക് ശേഷമാണ്.
കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം.
ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊൽക്കത്ത-ധാക്ക ‘മൈത്രീ എക്‌സ്‌പ്രസ്’, കൊൽക്കത്ത-ഖുൽന ‘ബന്ധൻ എക്‌സ്പ്രസ്’, ന്യൂ ജൽപായ്ഗുഡി-ധാക്ക ‘മിതാലി എക്‌സ്പ്രസ്’ എന്നിവയാണു മുൻഗാമികൾ. രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതു വടക്കൻ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങൾക്ക് ഏറെ ഗുണകരമാകും.
1947ൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനു മുൻപു രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസുണ്ടായിരുന്നു.