വർക്കൗട്ട് ചെയ്യുന്നതിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം. സാധാരണയെക്കാൾ അധികം ശാരീരിക പ്രവർത്തനം നടക്കുന്നതിനാൽ ഭക്ഷണക്രമം പ്രത്യേകം ക്രമീകരിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതിന് ഊർജ്ജം നൽകുകയാണ് ഭക്ഷണം നിർവഹിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം നിങ്ങളുടെ പേശികള്‍ ബലപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വർക്കൗട്ടിന് മുൻപും ശേഷവും എന്ത് കഴിക്കണമെന്നത് അറിഞ്ഞിരിക്കണം.
വര്‍ക്കൗട്ട് ചെയ്യുന്നതിന് ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിച്ചതിന് തൊട്ട് പിന്നാലെ വര്‍ക്കൗട്ട് ചെയ്യുന്നത് ശരീരത്തിൽ വിപരീത ഫലമുണ്ടാക്കും. അതേസമയം വര്‍ക്കൗട്ട് ചെയ്തതിന് ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുകയും വേണം. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കാബ്‌സ് എന്നിവയാണ് വര്‍ക്കൗട്ടിന് മുന്‍പ് കഴിക്കേണ്ടത്. വാഴപ്പഴം, പീനട് ബട്ടര്‍, മുഴുവന്‍ ധാന്യ ബ്രഡുകൾ, പുഴുങ്ങിയ മുട്ട, സ്മൂത്തീസ് എന്നിവയിൽ ഇവ അടങ്ങിയിട്ടുണ്ട്.
വര്‍ക്കൗട്ടിന് ശേഷം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. ഇതിലൂടെ പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കഴിയും. ചീയ സീഡ് പുഡ്ഡിങ്, ഓട്‌സ്മീല്‍, മുട്ട, ഗ്രൂക്ക് യോഗാട്ട്, ചിക്കന്‍, മീന്‍, നട്‌സ്, വിത്തുകള്‍ എന്നിവ ഉൾപ്പെടുത്താം.വര്‍ക്കൗട്ടിന് മുന്‍പും ശേഷവും വെള്ളം നന്നായി കുടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. വ്യായാമത്തിന് മുന്‍പ് രണ്ട് മുതല്‍ മൂന്ന് കപ്പ് വരെ വെള്ളവും വ്യായാമം ചെയ്യുന്നതിനിടെ 15 മിനിറ്റ് ഇടവേളയില്‍ ഒരോ കപ്പ് വീതവും വെള്ളം കുടിക്കണം. വ്യായാമം ചെയ്തതിന് ശേഷം രണ്ട് മുതല്‍ മൂന്ന് കപ്പ് വെള്ളം വരെ കുടിക്കാം.
കൂടാതെ വര്‍ക്കൗട്ട് ദീര്‍ഘനേരം തുടരുകയാണെങ്കില്‍ ഓരോ അര മണിക്കൂര്‍ ഇടവേളയിൽ 50 മുതല്‍ 100 കലോറി കഴിക്കണം. കൊഴുപ്പ് അടങ്ങിയിട്ടില്ലാത്ത യോഗാട്ട്, ഉണക്ക മുന്തിരി, പഴം എന്നിവ കഴിക്കാം.വര്‍ക്കൗട്ടിന് മുന്‍പും ശേഷവും കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹിക്കാന്‍ ദീര്‍ഘനേരം എടുക്കുകയും വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും.