ബാര്‍ബഡോസ്: ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അമേരിക്കയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. സ്കോർ: അമേരിക്ക:115/10 ഇംഗ്ലണ്ട് 117/0. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക 18.5 ഓവറില്‍ 115 ന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. 19-ാം ഓവറില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റ് നേടിയ ക്രിസ് ജോര്‍ദാനാണ് അമേരിക്കയുടെ എല്ലാ മോഹങ്ങളും തകർത്തത്.
ആദിൽ റാഷിദ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നിതീഷ് കുമാർ(30), കൊറി ആൻഡേഴ്സൺ (29), ഹർമീത് സിംഗ്(21) എന്നിവർ മാത്രമാണ് അമേരിക്കൻ നിരയിൽ തിളങ്ങിയത്.
ഇംഗ്ലണ്ടിനായി 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസും ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് ടീം വിജയം എളുപ്പത്തിലാക്കി. ആദിൽ റാഷിദിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.