ശരീരത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഏലയ്ക്ക. ചായ തയാറാക്കുമ്പോൾ ഒരു ഏലയ്ക്ക കൂടി പൊടിച്ചിട്ടാൽ ഗുണവും മണവും ഇരട്ടിക്കുമെന്നത് എല്ലാവർക്കും തന്നെയും അറിവുള്ള കാര്യമാണ്.
ഏലയ്ക്ക നന്നായി പൊടിച്ചെടുക്കാം. ഇനി തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചേർത്തുകൊടുക്കണം. തീ കുറച്ച് അഞ്ചു മുതൽ പത്ത് മിനിറ്റ് വരെ അടുപ്പിൽ തന്നെ വെയ്ക്കാം. ഇങ്ങനെ കുറച്ച് നിമിഷങ്ങൾ വെച്ച് കഴിയുമ്പോൾ ഏലയ്ക്കയുടെ ഗുണങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങും. നിറം മാറി കഴിയുമ്പോൾ തീ ഓഫ് ചെയ്തതിനു ശേഷം തണുക്കാനായി വയ്ക്കാം. ഇനി ഈ വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ കൂടി ചേർത്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.
പലതരത്തിലുള്ള ദഹന പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയാണ് മേൽപറഞ്ഞ രീതിയിൽ തയാറാക്കിയ ഏലയ്ക്ക ചേർത്ത് തിളപ്പിച്ചെടുത്ത വെള്ളം. ദഹന സംബന്ധമായ തകരാറുകൾക്കു സാധാരണയായി പരിഹാരമേകുന്ന വൊലാടൈൽ ഓയിൽ, ഫാറ്റി ഓയിൽ എന്നിവ ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്യാസ്ട്രബിളിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും. മാത്രമല്ല, ദഹനം സുഗമമാക്കുകയും ചെയ്യുന്നു. വയറു കമ്പനം പോലുള്ള ബുദ്ധിമുട്ടുകൾക്കും ഏലയ്ക്ക ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയാകും. ദിവസവും ശീലമാക്കിയാൽ ദഹനപ്രശ്‌നങ്ങൾ പരമാവധി ഒഴിവാക്കുവാൻ കഴിയും.
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന എസൻഷ്യൽ ഓയിലുകൾ അണുബാധ പോലുള്ളവയ്ക്ക് പരിഹാരമാണ്. മാത്രമല്ല, 2008 ലെ ഒരു പഠനപ്രകാരം ഫംഗസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനും ഏലയ്ക്ക സഹായിക്കും. ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുന്നത് വഴി പ്രതിരോധ ശേഷി വർധിക്കുകയും ശരീരത്തിനെ പല രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യും.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നുള്ളവർക്കു സ്ഥിരമായി തന്നെ കുടിക്കാവുന്ന ഒരു പാനീയമാണിത്. ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഹൃദയത്തെ കാക്കുന്നത്. ശരീരത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ കുറയ്ക്കാനിതു സഹായിക്കുന്നു. ദിവസവും ഈ പാനീയം കുടിക്കുന്നത് വഴി രക്ത സമ്മർദം കുറയുകയും കൊഴുപ്പിന്റെ അളവ് തുലനാവസ്ഥയിൽ നിലനിൽക്കുകയും ചെയ്യും.
പുതിന, കറുവപ്പട്ട എന്നിവ ദന്താരോഗ്യം സംരക്ഷിക്കുമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. എന്നാൽ ഏലയ്ക്ക വായ്ക്കുള്ളിലെ ബാക്റ്റീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ശ്വാസത്തിലെ ദുർഗന്ധം, ദന്തക്ഷയം എന്നിവയെ ചെറുക്കുകയും ചെയ്യും. ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ദിവസവും വെറുംവയറ്റിൽ കുടിക്കുന്നത് വഴി ദന്തക്ഷയത്തെ പ്രതിരോധിക്കുകയും ദന്താരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.