ഗാസ മുനമ്പ്: റഫയ്ക്കടുത്തുള്ള അല്‍-മവാസിയില്‍ പലസ്തീനികള്‍ക്കായി നിര്‍മ്മിച്ച ടെന്റുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
മറ്റൊരു സംഭവത്തില്‍ റഫയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-ഷാകോഷ് മേഖലയില്‍ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചതായി പലസ്തീന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.
ഗാസ മുനിസിപ്പാലിറ്റിയുടെ ഗാരേജിലും നഗരത്തിലെ അഞ്ച് നില കെട്ടിടത്തിലും ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 37,431 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പ്രദേശത്ത് ഇസ്രായേല്‍ ഉപരോധം തുടരുന്നതിനാല്‍ മാനുഷിക സ്ഥിതി കൂടുതല്‍ വഷളായി. ആരോഗ്യ സംരക്ഷണ സാമഗ്രികളുടെ കുറവ് കാരണം ഗാസയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് എംഎസ്എഫ് പറഞ്ഞു. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന മെഡിക്കല്‍ റിലീഫ് ഗ്രൂപ്പ് എംഎസ്എഫ് എന്നാണ് അറിയപ്പെടുന്നത്.