ഇംഫാൽ: സംസ്ഥാനത്തെ സംഘർഷങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നത് മൂന്നാം മോദി സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള അക്രമങ്ങളിൽ വരും ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇംഫാലിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം എല്ലായിടത്തും ഉണ്ടെങ്കിലും മണിപ്പൂരിൽ അത് കുറഞ്ഞു. ചില സ്ഥലങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടും സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നത് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനെ സൂചിപ്പിക്കുന്നുവെന്നും മുഖ്യമ്നത്രി കൂട്ടിച്ചേർത്തു.
അതേ സമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം മൂലം ചില പ്രദേശങ്ങളിൽ അക്രമം തുടരുകയാണെന്ന് സിംഗ് സമ്മതിച്ചു.
എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ സുരക്ഷാ സേന തിരിച്ചെത്തിയതിനാൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും ദുർബല പ്രദേശങ്ങളിലേക്ക് അവരെ വീണ്ടും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.