ഡല്‍ഹി: പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024 വെള്ളിയാഴ്ച നടപ്പാക്കി. രാജ്യത്തുടനീളം നടത്തുന്ന പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും അന്യായ രീതികള്‍ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നീറ്റ്, യുജിസി നെറ്റ് പരീക്ഷകളുടെ നടത്തിപ്പിലെ ക്രമക്കേടുകളെച്ചൊല്ലി വലിയ തോതിലുള്ള വിവാദം ഉയരുന്നതിനിടെയാണ് ഈ തീരുമാനം. ഫെബ്രുവരി 10ന് അവസാനിച്ച ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ ബില്‍ പാസാക്കിയിരുന്നു.
പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംഘടിത കുറ്റങ്ങള്‍ക്ക് പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികള്‍ക്ക് ലഭിക്കും. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുറഞ്ഞ ശിക്ഷ അഞ്ച് വര്‍ഷം തടവാണ്.
ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തില്‍ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് ഇപ്പോള്‍. ഉത്തരക്കടലാസുകള്‍ വികൃതമാക്കുകയോ അവയില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷം തടവ് ലഭിക്കും. ഇത് അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും.
പൊതു പരീക്ഷകളില്‍ അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയും പരീക്ഷകളില്‍ കൂടുതല്‍ സുതാര്യതയും നീതിയും വിശ്വാസ്യതയും കൊണ്ടുവരികയുമാണ് ഇതിന്റെ ലക്ഷ്യം. ഫെബ്രുവരി 13 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്‍ അംഗീകരിച്ചിരുന്നു. സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ കോപ്പിയടി തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിയമത്തില്‍ പൊതു പരീക്ഷകള്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന അധികാരികള്‍ നടത്തുന്ന പരീക്ഷകള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍, റിക്രൂട്ട്മെന്റിനായി ബന്ധപ്പെട്ട ഓഫീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.