സെമിയില്‍ കണ്ണുവെച്ച് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും; ടി20 ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം
സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിന് വെസ്റ്റിൻഡീസിലെ സെന്‍റ് ലൂസിയയിലുള്ള ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമിയിലേക്ക് കണ്ണുവെച്ചാണ് ഇന്നിറങ്ങുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലേക്ക് മുന്നേറിയത്. പക്ഷേ ദുർബലാരായ ടീമുകൾക്കെതിരെ അനായാസമായിരുന്നില്ല ദക്ഷിണിഫ്രിക്കയുടെ വിജയം. സൂപ്പർ എട്ടിലെ ആദ്യ കളിയില്‍ പുകുമുഖങ്ങളായ അമേരിക്കയ്ക്കെതിരെ പോലും 18 റൺസ് ജയം സ്വന്തമാക്കാനെ ദക്ഷിണാഫ്രിക്കക്ക് ആയുള്ളു. ഓപ്പണർ ക്വിന്‍റണ്‍ ഡി ക്കോകും നായകൻ ഏയ്ഡൻ മർക്രമും ഹെൻറിച്ച് ക്ലാസനുമെല്ലാം ഫോമിലേക്കുയർന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ ബൗളിംഗിൽ കഗീസോ റബാഡയ്ക്ക് മാത്രമാണ് സ്ഥിരതയുള്ളത്.
കിരീടം നിലനിർത്താൻ അമേരിക്കയിലെത്തിയ ഇംഗ്ലണ്ടിനാകട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ കാര്യങ്ങൾ എത്ര എളുപ്പമായിരുന്നില്ല. എന്നാൽ സൂപ്പർ എട്ടിലെത്തിയതോടെ ജോസ് ബട്‍ലറും സംഘവും ഗിയർ മാറ്റി. ടൂർണമെന്‍റിൽ മികച്ച പ്രകടനം പുറത്തെടുത്ത വെസ്റ്റിൻഡീസിനെതിരെ 8 വിക്കറ്റിന്‍റെ ആധികാരിക ജയം. ഫിൽ സാൾട്ടും ജോണി ബെയർസ്റ്റോയും കരീബിയൻസിനെതിരെ തകർത്തടിച്ചു.
ഇന്ന് നായകന്‍ ജോസ് ബട്‌ലറും മൊയീൻ അലിയും കൂടി ഫോം കണ്ടെത്തിയാൽ ചാമ്പ്യന്മാർക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാം. ജോഫ്ര ആർച്ചറും മാർക്ക് വുഡും നയിക്കുന്ന പേസ് ആക്രമണം കരുത്തുറ്റതാണ്. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ ആദിൽ റഷീദിനും ലിവിംഗ്സ്റ്റണും ഉത്തരവാദിത്വങ്ങൾ ഏറെയുണ്ട്. 2010നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഈ ഗ്രൗണ്ടില്‍ ടി20 മത്സരം കളിക്കാനിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തിയ അതേവേദിയില്‍ മത്സരിക്കുന്നതിന്‍റെ ആനുകൂല്യം ഇംഗ്ലണ്ടിനുണ്ട്. ഈ വേദിയില്‍ കളിച്ച എല്ലാ കളികളും ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മുമ്പ് കളിച്ച രണ്ട് കളികളും ദക്ഷിണാഫ്രിക്കത തോറ്റിരുന്നു.
മഴക്കളിയില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഓസ്ട്രേലിയ, ഇന്ത്യയെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാമത്
ടി20 ലോകകപ്പില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കാണ് മുന്‍തൂക്കം. ദക്ഷിണാഫ്രിക്ക നാലു കളികള്‍ ജയിച്ചപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ജയം രണ്ട് മത്സരങ്ങളിലൊതുങ്ങി.