സെന്റ് ലൂസിയ: കൈവിട്ട കളി ബൗളിംഗ് മികവിലൂടെ തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ ആറു വിക്കറ്റിന് 163. ഇംഗ്ലണ്ട്-20 ഓവറില്‍ ആറു വിക്കറ്റിന് 156.
38 പന്തില്‍ 65 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്ക്, 28 പന്തില്‍ 43 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവര്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആദില്‍ റഷീദ്, മൊയിന്‍ അലി എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ കൂടാരം കയറ്റി.
61 റണ്‍സിന് നാലു വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിനെ 37 പന്തില്‍ 53 റണ്‍സെടുത്ത ഹാരി ബ്രൂക്കും, 17 പന്തില്‍ 33 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണും കരയ്ക്കു കയറ്റി. ഇരുവരും അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിര്‍ണായക ഓവറുകളില്‍ ആഞ്ഞടിച്ചു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, കേശവ് മഹാരാജ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഒട്ട്‌നെയ്ല്‍ ബാര്‍ട്ട്മാന്‍, ആന്റിച് നോര്‍ക്യ എന്നിവര്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത