കൂടുവിട്ട് കുടിയേറാന്‍ കോടീശ്വരന്മാര്‍; ഈ വര്‍ഷം 4,300 അതിസമ്പന്നർ ഇന്ത്യ വിടും, പ്രിയം ഈ ഗൾഫ് രാജ്യത്തോട്

ദില്ലി: ഈ വര്‍ഷം 4,300 കോടീശ്വരന്മാര്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്‍റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2023ല്‍ 5,100 ഇന്ത്യന്‍ കോടീശ്വരന്മാര്‍ രാജ്യം വിട്ട് പോയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്പന്നര്‍ സ്വന്തം രാജ്യംവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതില്‍ ചൈനയ്ക്കും യു.കെയ്ക്കും പിന്നില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. സ്ഥിരതാമസത്തിനായി ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ മുമ്പിലാണ്. ആഗോളതലത്തിൽ യുഎഇയും യുഎസുമാണ് കോടീശ്വരന്മാർക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകൾ. ഇന്ത്യയിലെ പ്രൈവറ്റ് ബാങ്കുകളും മറ്റും യുഎഇയിലേക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ കാര്യമായ ചുവടുമാറ്റം നടത്തിയിട്ടുണ്ട്.  

Read Also –  പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; പൈലറ്റിന്‍റെ ഇടപെടല്‍, എമര്‍ജൻസി ലാൻഡിങ്

അതേസമയം ഇന്ത്യയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനേക്കാൾ കോടീശ്വരന്മാരുടെ എണ്ണത്തിൽ കാര്യമായ വർധന രാജ്യത്തുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോഴും ബിസിനസ് സംരംഭങ്ങളും മറ്റും ഇന്ത്യയിൽ തന്നെ നിലനിർത്തുന്നതിനാലാണ് രാജ്യത്തിന്റെ സമ്പദ് ഘടനയിൽ കാര്യമായ വ്യത്യാസമുണ്ടാകാത്തതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സുരക്ഷ, സാമ്പത്തിക ഭദ്രത, നികുതി ഇളവ്, ബിസിനസ് അവസരങ്ങള്‍,  ജീവിതനിലവാരം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഈ കുടിയേറ്റം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1,28,000 കോടീശ്വരന്മാരാണ് ഈ വർഷം പ്രവാസ ജീവിതം തിരഞ്ഞെടുക്കുക.

ചൈനയിൽ നിന്ന് 15,200 കോടീശ്വരന്മാരുടെ കുടിയേറ്റമാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 2023ലിത് 13,800 ആയിരുന്നു. യുകെയിൽ നിന്ന് ഈ വർഷം 9,500 കോടീശ്വരന്മാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വർഷം ഇത് 4, 200 ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin