തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് രാഷ്ട്രീയം നിയമസഭയിൽ ആളിക്കത്തിച്ച് പ്രതിപക്ഷം. തലശേരിയിൽ ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ വീണ തേങ്ങ പെറുക്കാനെത്തിയ എരഞ്ഞോളി വാടിയിൽപീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (85) സ്റ്റീൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചത്. ബോംബ് രാഷ്ട്രീയത്തിന് സർക്കാരിന്റെയും പോലീസിന്റെയും പിന്തുണയും ഒത്താശയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരേ സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ-നിങ്ങൾ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നാണ് മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും ചോദിക്കാനുള്ളത്. നമ്മൾ ജീവിക്കുന്ന കാലവുമായി നിങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഇരുപത്തിയഞ്ചും അൻപതും കൊല്ലം മുൻപ് ജീവിക്കേണ്ട ഒരു കാലത്തിലത്തേതു പോലെയാണ് നിങ്ങൾ ഇപ്പോഴും കാര്യങ്ങൾ ചെയ്യുന്നത്. കുടിൽ വ്യവസായം പോലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കുകയാണ്.
എത്ര നിരപരാധികളാണ് കൊല ചെയ്യപ്പെട്ടത്? സ്വന്തം പാർട്ടിക്കാരല്ലേ കൊല ചെയ്യപ്പെട്ടത്. എത്ര പേരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് പദ്ധതിക്ക് പോയ സ്ത്രീകൾ, പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ, ആക്രി പറക്കാൻ പോയവർ.. അങ്ങനെ എത്രയെത്ര നിരപാരാധികൾക്കാണ് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തത്. കുഞ്ഞുക്കൾക്ക് പരിക്ക് പറ്റിയതിന്റെയും മരിച്ചതിന്റെ പട്ടിക എന്റെ കയ്യിലുണ്ട്. ഐസ്‌ക്രീം പാത്രത്തിൽ ബോംബ് വച്ചപ്പോൾ അത് ഐസ്‌ക്രീം ആണെന്നു കരുതി കളിക്കളത്തിൽ വച്ച് തുറന്ന് പരിക്കേറ്റ എത്ര കുട്ടികളുണ്ട്.
ഇങ്ങനെയെങ്കിൽ സ്റ്റീൽ പാത്രങ്ങൾ പ്രത്യേക സാഹചര്യത്തിൽ കണ്ടാൽ തുറന്നു നോക്കരുതെന്ന നിർദ്ദേശം കൂടി സർക്കാർ കണ്ണൂരിലെ ജനങ്ങൾക്ക് നൽകണം. ഇപ്പോൾ മരിച്ച വയോധികന് 85 വയസിന് മുകളിൽ പ്രായമുണ്ട്. പറമ്പിൽ തേങ്ങ പറക്കാൻ പോയ ആളാണ് സ്റ്റീൽ പാത്രം പൊട്ടിച്ചതിനെ തുടർന്ന് മരിച്ചത്. മുഖം പോലും വികൃതമായിപ്പോയി. എത്ര ക്രൂരമായ രീതിയിലാണ് നിരപരാധി കൊല ചെയ്യപ്പെട്ടത്?
നിങ്ങൾ ആർക്കെതിരെയാണ് ബോംബ് ഉണ്ടാക്കുന്നത്? രണ്ട് പാർട്ടി ഗ്രാമങ്ങളിലെ സി.പി.എമ്മിലെ തന്നെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് ബോംബ് ഉണ്ടാക്കിയത്. സ്വന്തം പാർട്ടിക്കാർക്കെതിരെ എറിയാൻ നിർമ്മിച്ച ബോംബാണ് പൊട്ടിയതെന്ന് ആർക്കാണ് അറിയാത്തത്. സി.പി.എം നേതാക്കളുടെ തന്നെ നിയന്ത്രണത്തിലുള്ള രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സംഘം പകരം ചോദിക്കാൻ വരുമ്പോൾ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കർഷക സംഘം ഓഫീസിന് പിന്നിൽ ബോംബ് ഉണ്ടാക്കി വച്ചത്. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്? പാനൂരിൽ തുടർച്ചയായി ബോംബ് സ്‌ഫോടനങ്ങളുണ്ടായി തിരഞ്ഞെടുപ്പ് കാലത്തും സ്‌ഫോടനമുണ്ടായി.
നിങ്ങൾ എന്തായാലും ആർ.എസ്.എസുകാരെ നേരിടാൻ വേണ്ടയല്ല ബോംബ് ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. മാസ്‌ക്കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ സി.പി.എമ്മുമായുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിപ്പിച്ചു. അപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ബോബ് ഉണ്ടാക്കിയത് ഞങ്ങൾ പാവങ്ങളെ എറിയാൻ വേണ്ടിയാണോ? 2019 ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് പാനൂരിൽ ലീഗ് പ്രവർത്തകനെ നിങ്ങൾ ബോംബ് എറിഞ്ഞ് കൊന്നത്. അതേ പോലയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും ബോംബ് ഉണ്ടാക്കിയത്.
പാനൂരിൽ ഷെറിൻ കൊല്ലപ്പെട്ടപ്പോൾ അറസ്റ്റിലായവരെല്ലാം സി.പി.എമ്മുകാരായിരുന്നു. സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും നിങ്ങളുടെ പൊലീസ് മനപൂർവമായി പ്രതിയാക്കിയതാണെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ബോബ് പൊട്ടിയെന്ന് അറിഞ്ഞപ്പോൾ സന്നദ്ധ പ്രവർത്തനത്തിന് ഓടിയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പ്രതിയാക്കിയെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ആക്ഷേപിച്ചത്.
നിങ്ങളുടെ പൊലീസിനെ കുറിച്ചാണ് പാർട്ടി സെക്രട്ടറി ആക്ഷേപിച്ചത്. എന്നു മുതലാണ് ബോംബ് നിർമ്മാണത്തെ സന്നദ്ധ പ്രവർത്തനമെന്ന ഓമനപ്പേരിട്ട് പാർട്ടി വിളിക്കാൻ തുടങ്ങിയത്. ഏത് സംഭവം ഉണ്ടായാലും ഞങ്ങക്ക് ഒരു ബന്ധവുമില്ലെന്ന് നിങ്ങൾ ആദ്യം പറയും. എന്നിട്ട് രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോൾ രക്തിസാക്ഷി മണ്ഡപമുണ്ടാക്കി അവരുടെ കുടുംബത്തെ സഹായിക്കും.
നിരപരാധികളെയും കുഞ്ഞുങ്ങളെയും കൊല്ലുകയും ബോംബ് നിർമ്മിക്കുകയും ചെയ്യുന്ന എന്തൊരു ക്രിമിനലുകൾ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ പാർട്ടി രക്തസാക്ഷികളായി മാറുന്നത്? ഇത് ലോകത്ത് എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ? തീവ്രവാദികളുടെ ഇടയിൽ പോലും ഇല്ലാത്ത കാര്യങ്ങളല്ലെ സംഭവിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ 32 പേരാണ് ബോംബ് നിർമ്മാണത്തിൽ കൊല ചെയ്യപ്പെട്ടത്. 89 പേർക്ക് കയ്യും കാലുമില്ല. എന്നിട്ട് പൊലീസ് എന്ത് നടപടിയാണ് എടുത്തത്. കഴിഞ്ഞ ദിവസം തലശേരിയിൽ ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിൽ എതിരാളികളെ നേരിടാനാണ് ബോബ് ഉണ്ടാക്കിയതെന്നാണ് പൊലീസ് മൂന്ന് റിമാൻഡ് റിപ്പോർട്ടിലും രേഖപ്പെടുത്തിയത്. നാലാമത്തെ റിമാൻഡ് റിപ്പോർട്ട് ഇട്ടപ്പോൾ, ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കാരണമെന്നായി.  
മൂന്ന് റിമാൻഡ് റിപ്പോർട്ടുകളും ഒരു പോലെ എഴുതിയ പൊലീസിനെക്കൊണ്ട് നാലാമത്തെ റിപ്പോർട്ട് മാറ്റിയെഴുതിച്ചത് ആരാണ്? ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ രക്തസാക്ഷികളാക്കുകയും ചെയ്യുന്നത് ആരാണ്? നിങ്ങൾ ക്രിമിനലുകളെ മഹത്വവത്ക്കരിക്കുന്നത് പ്രോത്സാഹനമായി മാറുകയാണ്. സംഭവം ഉണ്ടായതിന് പിന്നാലെ സ്ഥലം വളഞ്ഞ സംഘം തെളിവുകൾ മുഴുവൻ നശിപ്പിച്ചു. അതും കഴിഞ്ഞാണ് പൊലീസ് വന്നത്. പൊലീസിനോട് അവിടെ നിൽക്കാൻ പറഞ്ഞാൽ അവിടെ നിൽക്കുന്ന കാലമാണിത്. ക്രിമിനൽ സംഘങ്ങൾക്ക് പൊലീസും സർക്കാരും ഒത്താശ ചെയ്യുകയാണ്.
റെയ്ഡ് നടത്തുമെന്നും പിടിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എവിടെയാണ് റെയ്ഡ് നടത്തിയത്? എവിടെയാണ് പിടിച്ചത്? പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതുന്നതു പോലെ ഈ പറമ്പിൽ ബോംബുണ്ട് സൂക്ഷിക്കുക എന്ന് എഴുതി വയ്ക്കണമെന്ന് ബോബ് വയ്ക്കുന്നവനോട് പറയണം. അല്ലെങ്കിൽ പാവങ്ങളും കുഞ്ഞുങ്ങളും മരിക്കും.
നിങ്ങൾ ഇനിയെങ്കിലും ആയുധം താഴെ വയ്ക്ക്. ബോംബ് നിർമ്മാണം അവസാനിപ്പിക്ക്. നിങ്ങൾ ആശയപരമായ പോരാട്ടത്തിലേക്ക് വരൂ. പരിഷ്‌കൃത സമൂഹത്തിന് മുഴുവൻ അപമാനകരമായ കാര്യങ്ങളാണ് കേരളത്തിൽ സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുപ്പിൽ താക്കീത് നൽകിയിട്ടും പഠിക്കാൻ നിങ്ങൾ തയാറല്ല.  ക്രിമിനലുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. പൊലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെ ബോംബ് നിർമ്മാണം നടക്കുകയും നിരപരാധികൾ മരിക്കുകയും സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം മറികടക്കാനുള്ള ഒരു നടപടികളും സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ല- സതീശൻ ചൂണ്ടിക്കാട്ടി.
സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോംബ് നിർമ്മാണത്തോട് വിട്ടുവീഴ്ചയില്ല. കർക്കശ നടപടികളെടുക്കും. എവിടെയാണ് നിർമ്മിച്ചതെന്നടക്കം ഗൗരവമായി അന്വേഷിക്കും. ബോംബുകളുടെ ഉറവിടം കണ്ടെത്തും. എല്ലാ ബോംബിനും രാഷ്ട്രീയനിറമില്ല. കൊച്ചിയിൽ സോഷ്യൽമീഡിയയിൽ നിന്ന് പഠിച്ച് ബോംബുണ്ടാക്കിയ സംഭവമുണ്ടായില്ലേ. പരിശീലനം പലേടത്തും കിട്ടുന്നുണ്ട്. ക്വാറികളിലടക്കം റെയ്ഡുകൾ ശക്തമാക്കും- മുഖ്യമന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *