ജൂൺ 21 ന് പുറത്തിറങ്ങാൻ പോകുന്ന നിർമ്മിത ബുദ്ധി അഥവാ എഐ വിഷയമാക്കിയുള്ള ഇന്ത്യയിലെതന്നെ ആദ്യ സിനിമയാണ് ‘മോണിക്ക: ഒരു എഐ സ്റ്റോറി’. സിനിമയുടെ നിർമ്മാതാവ് ദമ്മാമിൽ കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ മാഹി സ്വദേശി മൻസൂർ പള്ളൂരാണ്.
എഴുത്തുകാരൻ കൂടിയായ മൻസൂർ പള്ളൂരിന്റെ ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ?’ ‘ആരാണ് ഭാരതീയൻ ?’ എന്നീ പുസ്തകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മോണിക്ക ഒരു എഐ സ്റ്റോറി’യുടെ നിർമ്മാതാവ് എന്നത് പോലെ സിനിമയുടെ തിരക്കഥയും മൻസൂർ പള്ളൂർ – ഇഎം അഷ്റഫ് കൂട്ട്കെട്ടിലാണ് പിറന്നത്.
ഇഎം അഷ്റഫാണ് സിനിമയുടെ സംവിധായകൻ. ‘മോണിക്ക : ഒരു എഐ സ്റ്റോറി’യുടെ പ്രൊമോഷൻ ഗാനം രചിച്ചതും മൻസൂർ പള്ളൂരാണ്. മലയാളത്തിലുള്ള ഈ ഗാനം പാടിയിരിക്കുന്നത്, സോഷ്യൽ മീഡിയയിൽ സജീവമായ മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരി അപർണ്ണ മൾബറിയാണ്.
സിനിമയിൽ മൻസൂർ പള്ളൂരും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രധാന അധ്യാപകനായ ഹരിദാസൻ മാഷുടെ റോളിൽ അഭിനയിക്കുന്ന മൻസൂർ പള്ളൂരിലൂടെ മലയാള സിനിമക്ക് ഒരു നല്ല നടനെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് സംവിധായകൻ ഇഎം അഷ്‌റഫ് പറയുന്നത്.
‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയെക്കുറിച്ച് നിർമ്മാതാവ് എന്നനിലയിലും തിരക്കഥാകൃത്ത്, ഗാന രചയിതാവ്, അഭിനേതാവ് എന്ന നിലയിലും മൻസൂർ പള്ളൂർ സത്യം ഓൺ ലൈനോട് സംസാരിക്കുന്നു.
മോണിക്ക ഒരു എഐ സിനിമയെക്കുറിച്ച് പറയാമോ ?
ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഈ ചിത്രത്തെ തികച്ചും വ്യത്യസ്തം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുടുംബ പ്രേക്ഷകരും, ടീനേജ് കുട്ടികളും ഈ ചിത്രം ഇഷ്ടപ്പെടും. മനുഷ്യ ബന്ധങ്ങളും സാങ്കേതികതയുടെ ലോകത്തെ സൈബർ ബന്ധങ്ങളും പുതിയ കാലത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുമെന്നതിന്റെ സൂചനകളിലേക്ക് ഈ ചിത്രം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകും.
നമ്മുടെ വീടുകളിൽ കുട്ടികളുമായി മാതാപിതാക്കൾ സ്നേഹ ബന്ധം ദൃഢപ്പെടുത്തേണ്ടതിനെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നുണ്ട്. പിരിമുറുക്കമില്ലാതെ ആസ്വദിച്ചു കാണേണ്ട ഈ സിനിമ റോണി റാഫേലിന്റെ മാസ്മരികമായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സിനിമാ ശീലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും. ഈ സിനിമയിൽ പ്രഭാവർമ്മ രചിച്ച രണ്ട് ഗാനങ്ങളും അവയുടെ ദൃശ്യാവിഷ്കാരവും ഏറെ മനോഹരമാണ്.
താങ്കളിലെ എഴുത്തുകാരനിൽ നിന്ന് സിനിമയിലേക്കുള്ള ദൂരം ?
എഴുത്തിനെയും സിനിമയെക്കുറിച്ചും പറയുമ്പോൾ ആത്യന്തികമായ് അവ കലയും സംസ്കാരവുമായി പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് പറയാം. ചെറുപ്പകാലം മുതലേ മറ്റ് പലരിലുമെന്നപോലെ കലാസാംസ്കാരിക വിഷയങ്ങളിൽ ഞാനേറെ താല്പര്യം കാണിച്ചിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അഭിനയം വലിയ ആഗ്രഹമായിരുന്നു. നന്നെ ചെറിയ ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. ഹൈസ്കൂളിൽ എത്തിയപ്പോൾ മാഹിയിൽ നടന്ന ഇൻറർ സ്കൂൾ മൽസരത്തിൽ പള്ളൂർ ഹൈസ്കൂൾ അവതരിപ്പിച്ച നാടകങ്ങളിൽ ഒന്നിലേറെ വേഷം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നതിനാൽ കോളജ് പഠനകാലത്ത് മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജിന്റെ ഫൈൻ ആർട്സ് അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തല കലാമൽസരങ്ങളിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലൊക്കെ കലാതൽപരരായ മാഹി കോളജിലെ വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിന് ഫൈൻആർട്സ് സെക്രട്ടറിയായിരുന്നപ്പോൾ നേതൃത്വം നൽകാൻ സാധിച്ചു.
തൊട്ടടുത്ത വർഷം മാഹി കോളജ് യൂണിയൻ ചെയർമാനായ കാലത്ത് കലാ സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള ആവേശം കൊണ്ട് മാഹിയിലേക്ക് ആദ്യമായി പോണ്ടിച്ചേരി സംസ്ഥാന കോളജ് യുവജനോത്സവം എത്തിക്കുന്നതിനും വിജയകരമായി അത് സംഘടിപ്പിക്കാനും കഴിഞ്ഞിരുന്നു.
അന്ന് 1987 -ൽ ആ ഒരു വർഷം മാത്രമാണ് മാഹിയിൽ പോണ്ടിച്ചേരി സംസ്ഥാന യുവജനോത്സവം നടന്നത്. സിനിമ എന്നും ഒരു അഭിനിവേശമായിരുന്ന ആ കാലത്ത് നിന്നും നടന്ന് തീർത്ത ദൂരമാണ് ഇപ്പോൾ സിനിമയിൽ വിത്യസ്ത മേഖലകളിൽ എത്തി നോക്കാൻ എന്നെ പ്രാപ്തനാക്കിയതെന്ന് നിസ്സംശയം പറയാം.
ഒടിടി കാലത്ത് സിനിമകാണാൻ പ്രേക്ഷകർ പഴയത് പോലെ തീയേറ്ററുകളിലേക്ക് വരുമോ ?
തിയേറ്ററുകളിൽ ഇരുന്ന് സിനിമ കാണുന്ന സുഖം ടിവിയിലൂടെയും ഹോം തിയേറ്ററിലും ഇരുന്ന് കാണുമ്പോൾ കിട്ടില്ല. തീയേറ്ററിൽ മറ്റ് പ്രേക്ഷകരോടൊപ്പം നല്ല ഒരു സിനിമ കാണുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നിയന്ത്രിത പരിതസ്ഥിതിയിൽ വികാരങ്ങൾ അനുഭവിക്കാനും പുറത്തുവിടാനും പ്രേക്ഷകരെ അനുവദിക്കുന്നത് വൈകാരികമായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തിയേറ്ററിൽ ഇരുന്ന് സിനിമക കാണുമ്പോൾ അത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ശ്രദ്ധ, ഓർമ്മ, പ്രശ്‌നപരിഹാര കഴിവുകൾ തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും കാരണമാകുമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ പ്രൊഫസർമാർ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
തീയറ്ററിൽ സിനിമ കാണുന്നത് സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കുകയും സമൂഹബോധം സൃഷ്ടിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ തിയേറ്ററുകളിൽ ഇരുന്ന് സിനിമ കാണുന്നതിന്റെ സുഖം മനസിലാക്കിയ പ്രേക്ഷകർ സിനിമ കാണാൻ തീയേറ്ററുകളിലേക്ക് തന്നെ തിരിച്ചു വരും.