ബെര്‍ലിൻ: യൂറോ കപ്പില്‍ സ്‌പെയിന് ജയത്തുടക്കം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പാനിഷ് പട തകര്‍ത്തത്. അല്‍വാരോ മൊറാട്ട, ഫാബിയൻ റൂയിസ്, ഡാനി കാര്‍വഹാല്‍ എന്നിവരുടെ ഗോളുകളായിരുന്നു കാളപ്പോരിന്‍റെ നാട്ടുകാര്‍ക്ക് ജയമൊരുക്കി നല്‍കിയത്.
കുറിയ പാസുകളിലൂടെ കളം വാഴുന്ന ടിക്കി ടാക്കയില്‍ നിന്നും മാറി ആക്രമണ ശൈലിയിലാണ് ക്രൊയേഷ്യക്കെതിരെ സ്‌പെയിൻ പന്ത് തട്ടിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ യുവതാരം ലാമിൻ യമാല്‍, ക്യാപ്‌റ്റൻ അല്‍വാരോ മൊറാട്ട, നിക്കോ വില്യംസ് ഉള്‍പ്പടെയുള്ളവര്‍ക്ക് ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചെത്താനായി.
മാച്ച് ക്ലോക്കില്‍ അരമണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാൻ അവര്‍ക്കായി. 28-ാം മിനിറ്റിലായിരുന്നു സ്പെയിൻ മത്സരത്തില്‍ ആദ്യ ഗോള്‍ നേടുന്നത്. സ്വന്തം ഹാഫില്‍ നിന്നും റോഡ്രി നല്‍കിയ പാസ് പിടിച്ചെടുത്ത് മൊറാട്ടയാണ് സ്പാനിഷ് സംഘത്തെ മുന്നിലെത്തിച്ചത്.
അധികം വൈകാതെ തന്നെ ലീഡ് ഉയര്‍ത്താനും അവര്‍ക്കായി. ഫാബിയൻ റൂയിസ് മത്സരത്തിന്‍റെ 32-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യൻ വലയില്‍ പന്തെത്തിച്ചത്. ഇതിന് പിന്നാലെ, ക്രൊയേഷ്യ ആക്രമണം ഒന്ന് കടുപ്പിച്ചു. എന്നാല്‍, ക്രൊയേഷ്യൻ മുന്നേറ്റങ്ങളെ കൃത്യമായി തടയാൻ സ്പെയിൻ പ്രതിരോധത്തിന് സാധിച്ചു.
ആദ്യ പകുതിയുടെ അധിക സമയത്താണ് മൂന്നാം ഗോള്‍ സ്പെയിൻ നേടുന്നത്. യമാലിന്‍റെ തകര്‍പ്പൻ ക്രോസില്‍ നിന്നുമായിരുന്നു കര്‍വാഹല്‍ ക്രൊയേഷ്യയുടെ വലയില്‍ പന്തെത്തിച്ചത്. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാൻ ക്രൊയേഷ്യ ശ്രമം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്ക് എത്താൻ അവര്‍ക്കായിരുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *