പാലക്കാട് തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി. എസ്‌ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ നിർത്താതെ പോയി. അപകടത്തിൽ തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരുക്കേറ്റത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അഭിലാഷിന്റെ മകൻ അലനാണ് വാഹനം ഓടിച്ചിരുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന 19കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. നിർത്താതെ പോയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ അർധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിശോധിക്കാനെത്തിയതായിരുന്നു എസ്‌ഐ.
പൊലീസിനെ കണ്ടയുടനെ അലൻ ഉൾപ്പെടെയുള്ള ആളുകൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാർ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് മനസിലാക്കുന്നത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടിൽ എത്തിയപ്പോൾ അലൻ അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിച്ചിട്ടുണ്ട്. അലന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed