മ്യൂണിക്ക്: യൂറോപ്പിൻറെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമനിയ്‌ക്ക് സ്കോട്‌ലൻഡാണ് എതിരാളി. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരം അലയൻസ് അറീനയിൽ ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 12.30നാണ് മത്സരത്തിൻറെ കിക്കോഫ്‌.
ഇന്ത്യയിൽ ടെലിവിഷനിൽ സോണി സ്പോർട്‌സിലും ഓൺലൈനായി സോണി ലിവുമാണ് മത്സരം കാണാൻ കഴിയുക. നിലവിലെ ജേതാക്കളായ ഇറ്റലിയുൾപ്പെടെ ആകെ 24 ടീമുകളാണ് യൂറോപ്പിൻറെ ചാമ്പ്യൻ പട്ടത്തിനായി കളക്കിലേക്ക് എത്തുന്നത്. സ്‌പെയ്ൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ കരുത്തർ കളക്കിലേക്ക് എത്തുന്ന യൂറോ കപ്പ് ഒരു മിനി ലോകകപ്പ് തന്നെയാണ്.
യൂറോ കപ്പിനിറങ്ങുന്ന സൂപ്പർ താരങ്ങളും ഏറെയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, റൊമേലു ലുക്കാക്കു, ടോണി ക്രൂസ് എന്നിങ്ങനെ വമ്പന്മാർ ഏറെ. ടീമുകളെ നാല് വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം അരങ്ങേറുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാക്കും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാം.
ക്വാർട്ടറും സെമിയും കടന്നെത്തുവർ ജൂലൈ 14-ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശപ്പോരിന് ഇറങ്ങുക. ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ്. സ്‌പെയ്‌ൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേന്യ എന്നീ ടീമുകളാണ് ഗ്രൂപ്പിൽ പോരടിക്കുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
സ്ലൊവേന്യ, ഡെൻമാർക്, സെർബിയ എന്നിവരാണ് എതിരാളികൾ. ഫ്രാൻസ്, പോളണ്ട്, നെതർലൻഡ്‌സ്, ഓസ്ട്രിയ എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ. ഗ്രൂപ്പ് ഇയിൽ ബെൽജിയം, റൊമാനിയ, യുക്രൈൻ, സ്ലൊവാക്യ എന്നിവരാണ് നേർക്കുനേർ എത്തുന്നത്. പോർച്ചുഗലിനൊപ്പം തുർക്കി, ജോർജിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഗ്രൂപ്പ് എഫിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *