റോം : നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ വികസിപ്പിക്കുന്നതും, ഉപയോഗിക്കുന്നതും സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്നും, അവ നിരോധിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടത്.
”മനുഷ്യജീവനെടുക്കാന്‍ ഒരിക്കലും ഒരു യന്ത്രത്തെ നിയോഗിക്കരുത്. നിര്‍മിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയര്‍ത്തുന്ന സംഗതിയാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യരില്‍നിന്ന് എടുത്തുമാറ്റി, പകരം യന്ത്രങ്ങളെ ആശ്രയിക്കുന്നത് ആശയറ്റ ഭാവിയിലേക്കുള്ള മനുഷ്യരാശിയുടെ യാത്രയാകും. അതിനാല്‍ ഈ നീക്കത്തെ നാം അപലപിക്കണം.’ മാര്‍പ്പാപ്പ പറഞ്ഞു.