ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ പുറത്ത്. ഇന്ന് നടക്കേണ്ടിയിരുന്ന യുഎസ്എ-അയര്‍ലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഇന്നത്തെ മത്സരത്തില്‍ അയര്‍ലന്‍ഡ് യുഎസ്എയെ പരാജയപ്പെടുത്തുകയും, ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പാകിസ്ഥാന് സൂപ്പര്‍ എട്ടിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
എന്നാല്‍ യുഎസ്എ-അയര്‍ലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ ആതിഥേയരായ യുഎസ്എയും സൂപ്പര്‍ എട്ടിലേക്ക് പ്രവേശിച്ചു.
മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച് ആറു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തിയാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം നേടിയ യുഎസ്എ അഞ്ച് പോയിന്റോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിലെത്തി.
മൂന്നാമതുള്ള പാകിസ്ഥാനും, നാലാമതുള്ള കാനഡയ്ക്കും രണ്ട് പോയിന്റ് വീതം മാത്രമാണുള്ളത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ അയര്‍ലന്‍ഡിന് ഒരു പോയിന്റുമുണ്ട്. ഇന്ത്യയും, യുഎസ്എയും സൂപ്പര്‍ എട്ടിലെത്തിയതോടെ ജൂണ്‍ 16ന് നടക്കേണ്ട പാകിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരം അപ്രസക്തമായി.
വന്‍ തയ്യാറെടുപ്പ്, പക്ഷേ…
മികച്ച തയ്യാറെടുപ്പോടെയാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പിനെത്തിയത്. പാക് ആര്‍മിയുടെ കീഴില്‍ ടീം കഠിന പരിശീലനം തേടുകയും ചെയ്തു. ഇമാദ് വാസിം, മുഹമ്മദ് ആമിര്‍ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചാണ് പാകിസ്ഥാന്‍ ലോകകപ്പിനെത്തിയത്.
എന്നാല്‍ ആദ്യ മത്സരത്തില്‍ യുഎസ്എ പാകിസ്ഥാനെ ഞെട്ടിച്ചു. ദുര്‍ബലരെന്ന് കരുതിയ യുഎസ്എ പാകിസ്ഥാനെ മലര്‍ത്തിയടിച്ചു. സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു അമേരിക്കയുടെ ജയം. രണ്ടാം മത്സരത്തിലും പാകിസ്ഥാന്‍ തോറ്റു. ആറു റണ്‍സിന് ഇന്ത്യയാണ് പാകിസ്ഥാനെ കീഴടക്കിയത്. ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെ തേടി ആശ്വാസ ജയമെത്തി. ഏഴ് വിക്കറ്റിന് പാകിസ്ഥാന്‍ കാനഡയെ തോല്‍പിച്ചു. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു. തിരിച്ചുവരാന്‍ പോലുമാകാത്ത തരത്തില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ പിന്തള്ളപ്പെട്ടു.
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത