ഫ്‌ളോറിഡയില്‍ വെള്ളപ്പൊക്കം! യുഎസിന് ആശ്വാസം; പാകിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 കാണാതെ പുറത്തേക്ക്?

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ എട്ട് ഉറപ്പിച്ച ഏക ടീം ഇന്ത്യയാണ്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച യുഎസ് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നില്‍ രണ്ടിലും പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. യുഎസിന് അവസാന മത്സരം അയര്‍ലന്‍ഡിനെതിരെയാണ്. ജയിച്ചാല്‍ യുഎസിന് പ്ലേ ഓഫ് ഉറപ്പിക്കാം. പാകിസ്ഥാന് പുറത്തേക്കും പോവാം.

പാകിസ്ഥാനും അയര്‍ലന്‍ഡിനെതിരായ മത്സരമാണ് ബാക്കിയുള്ളത്. അന്ന് ജയിച്ചാല്‍ പാകിസ്ഥാന് നാല് പോയിന്റാവും. എന്നാല്‍ സൂപ്പര്‍ എട്ട് കണക്കമെങ്കില്‍ അയര്‍ലന്‍ഡ്, യുഎസിനെ തോല്‍പ്പിക്കണം. ഇനി മത്സരങ്ങള്‍ മഴ മുടക്കിയാല്‍ അഞ്ച് പോയിന്റുമായി യുഎസ് സൂപ്പര്‍ എട്ടിലെത്തും. പാകിസ്ഥാന്‍ പുറത്താവുകയും ചെയ്യും. കളിച്ച് ജയിക്കുകയല്ലാതെ പാകിസ്ഥാന് വേറെ വഴിയില്ല. ഇനി യുഎസ് തോല്‍ക്കുകയും പാകിസ്ഥാന്റെ മത്സരം മഴ മുടക്കുകയും ചെയ്താലും ബാബര്‍ സംഘവും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവും.

വിചിത്രമായ കാരണങ്ങള്‍! ഇന്ത്യ-പാക് മത്സരത്തിന് വേദിയായ ന്യൂയോര്‍ക്ക് സ്‌റ്റേഡിയം പൊളിച്ചുമാറ്റുന്നു

എന്തായാലും പാകിസ്ഥാന് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാകിസ്ഥാന്റെ സൂപ്പര്‍ എട്ട് പ്രവേശനത്തില്‍ കാലാവസ്ഥ തടസമായേക്കും. മത്സരം നടക്കുന്ന ഫ്‌ളോറിഡയില്‍ കടന്ന മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ ആളുകള്‍ക്ക് പുറത്തേക്ക് പോലും ഇറങ്ങാന്‍ സാധിക്കുന്നില്ല. ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്നു നേപ്പാള്‍ – ശ്രീലങ്ക മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഫ്‌ളോറിഡയില്‍ മത്സരം നടക്കേണ്ടത്. നാളെ അയര്‍ലന്‍ഡ്, യുഎസിനെ നേരിടും. ഞായറാഴ്ച്ചയാണ് പാകിസ്ഥാന്‍ – അയര്‍ലന്‍ഡ് മത്സരം. ഇതിനിടെ ശനിയാഴ്ച്ച ഇന്ത്യ, കാനഡയേയും നേരിടും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മത്സരം നടക്കണമെങ്കില്‍ അത്ഭുതം സംഭവിക്കേണ്ടി വരും. ഇതിനിടെ മത്സരം ഫ്‌ളോറിഡയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യതയുമില്ല. 

By admin