കോഴിക്കോട്: പോരാളി ഷാജിയുടെ ശ്രദ്ധയ്ക്ക്. എത്രയും വേഗം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ എത്തി ഹാജർ രേഖപ്പെടുത്തണം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടതിനുസരിച്ച് ഒളിയുദ്ധം മതിയാക്കി രംഗത്ത് വരണം.
ബൊളീവിയിൻ കാടുകളിലെ യുദ്ധത്തിന് ശേഷം ചെഗുവേര വരെ അണ്ടർ ഗ്രൗണ്ടിൽ നിന്ന് പുറത്ത് വന്നിട്ടുണ്ട്. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് അണ്ടർ ഗ്രൗണ്ടിൽ പോയ പലനേതാക്കളും ദൗത്യം കഴിഞ്ഞപ്പോൾ തിരികെ വന്നിട്ടുണ്ട്. ഇവരുടെയൊക്കെ മാതൃക പിന്തുടർന്ന് യഥാർത്ഥ പോരാളി ഷാജി പുറത്തുവരണം. അല്ലെങ്കിൽ എം.വി ജയരാജൻ സഖാവിന് വലിയ വിഷമമാകും. തിരഞ്ഞെടുപ്പിലെ ലക്ഷം വോട്ടിൻെറ തോൽവിയിൽ ചങ്ക് പിടഞ്ഞിരിക്കുന്ന എം.വി.ജയരാജനെ ഇനിയും വിഷമിപ്പിക്കാതെ കടന്നുവരു, ഫേക്ക് ഐഡിയിൽ മറഞ്ഞിരിക്കാതെ യഥാർത്ഥത്തിൽ ആരാണ് എന്ന് വ്യക്തമാക്കു.
പാർട്ടി ഓഫീസിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ജയരാജൻെറ പെരളശേരിയിലെ വീട്ടിൽ ഹാജർ വെച്ചാലും മതി. ജില്ലാ കമ്മിറ്റി ഓഫീസിലോ വീട്ടിലോ എവിടെ ഹാജരായാലും ഒന്നുമാത്രം ചെയ്താൽ മതി. ഇടത് അനുകൂലമാണ് നിലപാടെങ്കിൽ അതൊന്നു വ്യക്തമാക്കണം, അത്രമാത്രമേ വേണ്ടു.
ജയരാജൻെറ വിഷമം മാറുകയും ചെയ്യും പോരാളി ഷാജിമാരിൽ ഒറിജിനൽ ഷാജി ഇതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യാം. ഈ വിഷമഘട്ടത്തിൽ അത്രയുമെങ്കിലും ചെയ്തില്ല എങ്കിൽ പറശിനിക്കടവ് മുത്തപ്പൻ പോലും പൊറുക്കില്ല, പിന്നല്ലേ ദൈവങ്ങൾ. കാരണം അത്രയ്ക്ക് നെഞ്ചിൽ തട്ടിയാണ് എം.വി ജയരാജൻെറ അഭ്യർത്ഥന.
”വ്യാജ പ്രചാരങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പറഞ്ഞത് മാധ്യങ്ങൾ വളച്ചൊടിച്ചു. പ്രത്യക്ഷത്തിൽ ഇടതുപക്ഷതിന്റേതെന്ന് തോന്നിക്കുന്ന ചില നവമാധ്യമങ്ങളിൽ സർക്കാരിനെതിരെ വാർത്ത കൊടുക്കണമെന്ന് കോൺഗ്രസ് നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ഒരു നിർദ്ദേശം സിപിഎമ്മോ ഇടുതുപക്ഷമോ ഒരിടത്തും നൽകിയിട്ടില്ല. ഞങ്ങൾ ആശയപ്രചാരണമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാർത്തകൾ എല്ലാം സീമകളും ലംഘിച്ചു പ്രചരിച്ചു. പോരാളി ഷാജി എന്ന പേരിൽ നിരവധി പ്രൊഫൈലുകളാണ്. യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം. ഇടത് അനുകൂലമാണ് നിലപാടെങ്കിൽ അത് വ്യക്തമാക്കണം” എം.വി.ജയരാജൻ അഭ്യർത്ഥിച്ചു.
കുടം തുറന്നുവിട്ട ഭൂതത്തിൻെറ പരാക്രമങ്ങളിൽ ജയരാജന് എന്തുമാത്രം വിഷമം ഉണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാം. എതിരാളികളെ ആക്രമിക്കാൻ സൈബർ ഭൂതഗണങ്ങളെ കുടം തുറന്നുവിടുമ്പോൾ ഇത്ര വിചാരിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും സ്വന്തം അനുഭവത്തിൽ വരുമ്പോഴേ ഏത് ജയരാജനും പഠിക്കൂ.
പാർട്ടിയുടെ നെടുങ്കോട്ടയിലെ ജില്ലാ സെക്രട്ടറിയുടെ അഭ്യർത്ഥനയൊന്നും പോരാളി ഷാജിമോൻ ചെവിക്കൊളളുന്ന മട്ടില്ല. തിരഞ്ഞെടുപ്പ് തോറ്റ ശേഷം എം.വി.ജയരാജനെ പോലെതന്നെ ഷാജിമോനും കടുത്ത വിഷമത്തിലാണ്. സൈബറിടത്തിൽ വരുന്നവനും പോന്നവനും എല്ലാം വന്ന് തോണ്ടിയിട്ട് പോകുകയാണ്. സൈബർ ഭൂമികയിൽ വെർച്വൽ ഇന്നോവ തിരിയ്ക്കാൻ പോലും കഴിയില്ല, എല്ലാ തോണ്ടലും സഹിക്കുകയേ നിവർത്തിയുളളു.
ക്ഷമ അതിൻെറ നെല്ലിപ്പടിയിലെത്തി നിൽക്കുമ്പോഴാണ് ജയരാജൻമാരിൽ ഇളമുറ തമ്പുരാനായ എം.വി.ജയരാജൻെറ വക വിമർശനം വരുന്നത്. ആത്മാർത്ഥയെ സംശയിക്കുന്ന പ്രതികരണം വന്നതോടെ ഇതുവരെ മിണ്ടാതിരുന്ന സൈബർ കൊങ്ങി സംഘി സുഡാപ്പി എന്നുവേണ്ട സകലരും ഇറങ്ങിയിട്ടുണ്ട്. ഇതിൻെറ വേവ് പോരാളി ഷാജിയുടെ പ്രതികരണങ്ങളിലും കാണാം.
ഇടതുപക്ഷത്തിനെതിരെ നുണകളുടെ കൂമ്പാരമാണ് ഇത്തവണ ഉണ്ടായത്. അത് തടയാതെ ഞങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം..സഖാവെ….എന്നാണ് പോരാളിയുടെ ചോദ്യം. തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച പോസ്റ്റിൻെറ സ്ക്രീൻഷോട്ട് സഹിതമാണ് പോരാളി ഷാജിയുടെ പേജിൽ ഈ പ്രതികരണം വന്നത്.
നേതാക്കൾ ദന്തഗോപുരങ്ങളിൽ നിന്ന് താഴേയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചെങ്കൊടി താഴെ വെച്ച് വല്ല പണിയുമെടുത്ത് ജീവിക്കണമെന്നാണ് പോരാളി ഷാജിയുടെ നേതാക്കൾക്കുളള ഉപദേശം. അതെന്തായാലും അൽപ്പം കടുത്ത് പോയി ,വേണമെങ്കിൽ ഒരിക്കലും നടക്കാത്ത വിപ്ളവത്തിന് വേണ്ടി പ്രവർത്തിക്കാൻ പറഞ്ഞോളു, പക്ഷേ പണിയെടുത്ത് ജീവിക്കാൻ പറയരുത്. ദ്രോഹമാണ്, വേറൊന്നുമല്ല, ശീലമില്ലന്നേ.