ആകർഷകവും എന്നാൽ സങ്കീർണ്ണവുമായ ഒരു റൊമാൻ്റിക് കോമഡി നാടകത്തിന് വേദിയൊരുക്കി, വ്യത്യസ്തങ്ങളായ മൂന്ന് പ്രണയങ്ങൾ നമുക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ലിറ്റിൽ ഹാർട്ട്സ് സിനിമ. അവരുടെ പ്രണയകഥ വികസിക്കുമ്പോൾ, ചിരിയും ഹൃദയസ്പർശിയായ നിമിഷങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ഒരു റോളർകോസ്റ്റർ സവാരിയാണ് പ്രേക്ഷകർക്ക് അനുഭവിക്കാനാവുക.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ, രമ്യ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിബിയുടെയും ബേബിയുടെയും സൗഹൃദം നിറഞ്ഞ അച്ഛൻ -മകൻ ബന്ധവും, സിസിലിയുടെ അമ്മ -മകൾ ബന്ധവും, സിസിലിയുടെ പ്രണയവും എല്ലാം ചിത്രം സംസാരിക്കുന്നുണ്ട്. സിബിയായി ഷെയിൻ നിഗവും ബേബിയായി ബാബുരാജും സിസിലിയായി രമ്യയും തിളങ്ങുമ്പോൾ ശോശയായി മഹിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സൗഹൃദവും പ്രണയവും നിറച്ച് ലളിതമായി പോകുന്ന കഥ സങ്കീർണ്ണമാകുന്നത് മറ്റ് ചില വിഷയങ്ങൾ കൂടി ചർച്ചചെയ്യുമ്പോഴാണ്.
ഷൈൻ ടോം ചാക്കോ ഇതുവരെ ചെയ്യാത്ത ഒരു റോളിൽ എത്തുന്നതും പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും” ലിറ്റിൽ ഹാർട്സ്” ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം.
രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിറ്റിൽ ഹാർട്ട്സിന്റെ തിരക്കഥ ഒരുക്കിയത് രാജേഷ് പിന്നാടൻ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റേതായിരുന്നു. ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ.
ക്യാമറ -ലുക്ക് ജോസ്. എഡിറ്റർ -നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് -അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ് -ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ -ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ -ഡേവിസൺ സി ജെ, മേക്കപ്പ് -പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം -അരുൺ മനോഹർ, ആർട്ട് -അരുൺ ജോസ്, കൊറിയോഗ്രഫി -റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഓ -മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -അനീഷ് ബാബു, ഡിസൈൻസ് -ഏസ്ത്തറ്റിക് കുഞ്ഞമ്മ, MAMIJO തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.