പാകിസ്ഥാന്‍ ടീമിനെ പിരിച്ചുവിടണം! ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ മാനേജ്‌മെന്റിനെതിരെ മുന്‍ താരങ്ങള്‍
ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പാക് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരങ്ങള്‍. പാകിസ്ഥാന്‍ ടീമിലെ എല്ലാ താരങ്ങളെയും പുറത്താക്കണമെന്ന് മുന്‍നായകന്‍ വസീം അക്രം ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഇന്ത്യയെ 119ന് എറിഞ്ഞ് ഒതുക്കിയിട്ടും പാകിസ്ഥാന്‍ നേരിട്ടത് വന്‍തിരിച്ചടി. ജസ്പ്രിത് ബുമ്രയുടെ പന്തുകള്‍ പാകിസ്ഥാനെ ആറ് റണ്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു. ഇതോടെയാണ് മുന്‍താരങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മുഹമ്മദ് റിസ്വാന്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഫഖര്‍ സമാന്‍ എന്നിവരാണ് പാകിസ്ഥാന്റെ തോല്‍വിക്ക് കാരണമെന്ന് മുന്‍നായകന്‍ വസീം അക്രം. എത്രമോശം പ്രകടനം നടത്തിയാലും താരങ്ങള്‍ എപ്പോഴും സുരക്ഷിതരാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബലിയാടാക്കാറുള്ളത് പരിശീലകരെ. ഇത്തവണ ടീമിലെ എല്ലാ താരങ്ങളേയും പുറത്താക്കി പരിശീലക സംഘത്തെ നില നിര്‍ത്തണമെന്ന് വസീം അക്രം ആവശ്യപ്പെട്ടു. നായകസ്ഥാനം നഷ്ടമായ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ബാബര്‍ അസമിനോട് സംസാരിക്കാറില്ലെന്നത് പാക് ടീമിലെ അസ്വാരസ്യങ്ങള്‍ക്ക് ഒന്നാന്തരം തെളിവെന്നും മുന്‍നായകന്‍.
ഇതേസമയം ടീമിന്റെ മോശം പ്രകടനത്തിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് മുന്‍നായകനും പരിശീലകനുമായിരുന്ന മുഹമ്മദ് ഹഫീസ് കുറ്റപ്പെടുത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാത്തവരെയാണ് പിസിബി ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്നും പാക് ക്രിക്കറ്റിനെ തകര്‍ക്കാന്‍ ശ്രമിച്ച മുഹമ്മദ് ആമിറിനെയും ഇമാദ് വാസിമിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത് ഇതിന് തെളിവാണെന്നും മുഹമ്മദ് ഹഫീസ് ആരോപിക്കുന്നു.
ഓരോരോ നിയമങ്ങള്‍! ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ദക്ഷിണാഫ്രിക്കയല്ല, അമ്പയറുടെ തീരുമാനങ്ങളെന്ന് വാദം
ഒത്തുകളിക്ക് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ആമിര്‍ 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. രണ്ടുമാസം മുന്‍പുമാത്രം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ആമിറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയാണ് ഹഫീസ് ചോദ്യം ചെയ്യുന്നത്. വഖാന്‍ യൂനിസ്, ഷുഐബ് അക്തര്‍ തുടങ്ങിയവരും പാക് താരങ്ങളുടെ പോരാട്ടവീര്യമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചു.