ടി20 ലോകകപ്പില്‍ ശ്വാസം വീണ്ടെടുത്ത് പാകിസ്ഥാന്‍! റിസ്വാന് അര്‍ധ സെഞ്ചുറി; കാനഡയെ തകര്‍ത്ത് മൂന്നാം സ്ഥാനത്ത്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് സാധ്യതകള്‍ സജീവമാക്കി പാകിസ്ഥാന്‍. ഇന്ന് കാനഡയ്‌ക്കെതിരെ ഏഴ് വിക്കറ്റിന് ജയിച്ചതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ പാകിസ്ഥാന് സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കാനഡ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്. 44 പന്തില്‍ 52 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സണാണ് കാനഡയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്വാനാണ് (53) പാക് നിരയില്‍ തിളങ്ങിയത്.
ബാറ്റിംഗ് ദുഷ്‌കമായ പിച്ചില്‍ ആത്ര നല്ലതായിരുന്നില്ല പാകിസ്ഥാന്റെ തുടക്കം. അഞ്ചാം ഓവറില്‍ തന്നെ സെയിം അയൂബിന്റെ (6) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ബാബര്‍ അസം (33) – റിസ്വാന്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ ബാബര്‍ മടങ്ങി. വിജയത്തിന് മൂന്ന് റണ്‍സ് അകലെ ഫഖര്‍ സമാന്റെ (4) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. എങ്കിലും ഉസ്മാന്‍ ഖാനെ (2) കൂട്ടുപിടിച്ച് റിസ്വാന്‍ പാകിസ്ഥാനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. 53 പന്ത് നേരിട്ട റിസ്വാന്‍ ഒരു സിക്‌സും രണ്ട് ഫോറും നേടി. കാനഡയ്ക്ക് വേണ്ടി ധില്ലണ്‍ ഹെയ്‌ലിഞ്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ദുബേയെ പുറത്താക്കൂ! പകരം സഞ്ജുവോ അതോ ജയ്‌സ്വാളോ? യുഎസിനെതിരെ ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് ആരാധകര്‍
നേരത്തെ, ജോണ്‍സണിന് പുറമെ ക്യാപ്റ്റന് സാദ് ബിന്‍ സഫര്‍ (10), കലീം സന (11) എന്നിവരാണ് കാനഡ നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു കാനഡയുടെ തുടക്കം. ആദ്യ ആറ് താരങ്ങള്‍ അഞ്ച് പേര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നവ്നീത് ധലിവാല്‍ (4), പ്രഗത് സിംഗ് (2), നിക്കോളാസ് കിര്‍ടോണ്‍ (1), ശ്രേയസ് മൊവ്വ (2), രവീന്ദ്രപാല്‍ സിംഗ് (0) എന്നിവര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരറ്റത്ത് ജോണ്‍സണ്‍ പിടിച്ചുനിന്നു. എന്നാല്‍ 14-ാം ഓവറില്‍ ജോണ്‍സണും മടങ്ങി. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
പിന്നാലെ ബിന്‍ സഫറും മടങ്ങി. കലീം – ധില്ലോണ്‍ ഹെയ്ലിഞ്ചര്‍ (9) സഖ്യം പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വീക്കറ്റ് വീഴ്ത്തി.