ഓസ്‌കറിന് സാധ്യതയുണ്ട്! മുഹമ്മദ് റിസ്വാന്റെ വേദനകൊണ്ടുള്ള പുളച്ചില്‍ വെറും അഭിനയമെന്ന് ക്രിക്കറ്റ് ആരാധകര്‍

ന്യൂയോര്‍ക്ക്: ഇന്ത്യ പാക് മത്സരത്തിനിടെ വേദനകൌണ്ട് പുളയുന്ന പാക് താരം മുഹമ്മദ് റിസ്വാനെ പലതവണ മൈതാനത്ത് കണ്ടു. ഇത് അഭിനയമാണോ യാഥാര്‍ത്ഥ്യമാണോ. റിസ്വാന്റെ തന്നെ പഴയൊരു പ്രതികരണം ആയുധമാക്കുകയാണ് വിമര്‍ശകര്‍. മുഹമ്മദ് റിസ്വാന്‍ കളത്തിലിറങ്ങിയാല്‍ പിന്നെ ടീം ഫിസിയോയ്ക്ക് വിശ്രമമില്ല എന്നൊരു അടക്കംപറച്ചിലുണ്ട് ക്രിക്കറ്റ് ലോകത്ത്. വേദന കൊണ്ട് പുളയുന്ന റിസ്വാനെ പരിചരിക്കാന്‍ ഓടിയെത്തുന്ന ഫിസോയോ മിക്ക മത്സരങ്ങളിലെയും കാഴ്ചയാണ്. 

ഇന്നലെ ഇന്ത്യ – പാക് മത്സരത്തിലും ഇത് സംഭവിച്ചു. എന്നാല്‍ റിസ്വാന്‍ വേദന കൊണ്ട് പുളയുന്നത് കാണുമ്പോള്‍ നെറ്റി ചുളിക്കുന്നവരുമുണ്ട്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ റിസ്വാന്‍ മത്സരശേഷം പറഞ്ഞതാണിത്. വേദനയെ കുറിച്ച് ചോദിച്ചപ്പോള്‍ ചില സമയത്ത് പേശിവലിവ്, ചില സമയത്ത് അഭിനയം എന്നായിരുന്നു പ്രതികരണം. 

റിഷഭ് പന്തിനെ വാഴ്ത്തി രവി ശാസ്ത്രി! ഇനി വരുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ദിനങ്ങളെന്ന് വിലയിരുത്തല്‍

ഇത് ഓര്‍മ്മയുള്ളത് കൊണ്ടാവണം റിസ്വാന്റെ ഇന്നലത്തെ പരിക്കിനെയും പലരും സംശയിച്ചത്. ഇന്നലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് വിക്കറ്റിലേക്ക് എറിഞ്ഞ ഒരു പന്ത് താരത്തിന്റെ കയ്യില്‍ കൊണ്ടിരുന്നു. എന്തായാലും റിസ്വാന്റെ ബാറ്റിംഗിനെ കുറിച്ച് അശ്വിന്‍ എക്‌സില്‍ കുറിച്ചിട്ട വാക്കുകളും ചര്‍ച്ചയായി. വേദന കടിച്ചമര്‍ത്തിയുള്ള റിസ്വാന്റെ ബാറ്റിങ് ഞാന്‍ ഇഷ്ടപ്പെടുന്നെന്നും മിക്കപ്പോഴും അദ്ദേഹം ഇങ്ങനെ തന്നെയാണ് ബാറ്റ് ചെയ്യാറെന്നും മത്സരത്തിനിടെ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ എക്‌സില്‍ കുറിച്ചു. വേദന നിറഞ്ഞ 44 ബോളിലെ 31 റണ്‍സിന്റെ ഇന്നിങ്‌സ് അവസാനിച്ചു എന്നായിരുന്നു റിസ്വാന്‍ പുറത്തായപ്പോഴുള്ള അശ്വിന്റെ പ്രതികരണം.

പാര്‍ട്ട് ടൈം ക്രിക്കറ്റര്‍, ഫുള്‍ ടൈം ആക്ടര്‍, ഓസ്‌കറിന് അര്‍ഹതയുള്ള അഭിനയം എന്നിങ്ങനെയായിരുന്നു അശ്വിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. ഇനി റിസ്വാന് ശരിക്കും പരിക്കേറ്റതാണെങ്കിലും പഴയ പ്രതികരണം ഇങ്ങനെ പലരും കുത്തിപ്പൊക്കുമെന്ന് ഉറപ്പാണ്.
 

By admin