ന്യുയോര്‍ക്ക്: അവസാനം പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ബംഗ്ലദേശിനെ നാലു റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നേടാനായത് 109 റണ്‍സ് മാത്രം. സ്കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ ആറു വിക്കറ്റിന് 113. ബംഗ്ലാദേശ്-20 ഓവറില്‍ ഏഴു വിക്കറ്റിന് 109.
ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത് ഏവരെയും ഞെട്ടിച്ചു. മര്‍ക്രമിന്റെ തീരുമാനം തെറ്റാണെന്ന് തുടക്കത്തില്‍ തന്നെ തെളിഞ്ഞു. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ് ഗോള്‍ഡന്‍ ഡക്കായി പുറത്ത്. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ ക്വിന്റോണ്‍ ഡി കോക്കും (11 പന്തില്‍ 18) പുറത്തായി.
പിന്നാലെ എത്തിയ മര്‍ക്രം നാല് റണ്‍സിനും, ട്രിസ്റ്റണ്‍ സ്റ്റബ്സ് പൂജ്യത്തിനും ഔട്ടായി. അഞ്ചാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ഹെയിന്റിച്ച് ക്ലാസണിന്റെയും (44 പന്തില്‍ 46) ഡേവിഡ് മില്ലറുടെയും (38 പന്തില്‍ 29) ചെറുത്തുനില്പാണ് പ്രോട്ടീസിനെ 100 കടത്തിയത്. ബംഗ്ലാദേശിനു വേണ്ടി തന്‍സിം ഹസന് സാക്കിബ് മൂന്ന് വിക്കറ്റും, ടസ്കിന് അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ തന്‍സിദ് ഹസനെ അവര്‍ക്ക് നഷ്ടമായി. ഒമ്പത് റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. തൊട്ടുപിന്നാലെ ലിട്ടണ്‍ ദാസ് (9), ഷക്കിബ് അല്‍ ഹസന് (3), ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (14) എന്നിവര്‍ കൂടി മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
അഞ്ചാം വിക്കറ്റില്‍ തൗഹിദ് ഹൃദോയിയും (34 പന്തില്‍ 37), മഹ്മുദുല്ലയും (27 പന്തില്‍ 20) നടത്തിയ രക്ഷാപ്രവര്‍ത്തനം ബംഗ്ലാദേശിന് വിജയപ്രതീക്ഷ നല്കി. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ബംഗ്ലാദേശിന് വേണ്ടത്. കേശവ് മഹാരാജ് എറിഞ്ഞ ഈ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് ആറു റണ്‍സ് മാത്രം നേടാനെ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റും, ആന്റിച് നോര്‍ക്യയും, കഗിസോ റബാദയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത