യൂറോ കപ്പിനുള്ള 26 അംഗ പോർച്ചുഗൽ ടീമിന്റെ വിവരങ്ങൾ പുറത്ത്. സൗദി പ്രോ ലീഗിൽ അൽ നസ്‍റിനായി തകർപ്പൻ ഫോമിലുള്ള വെറ്ററൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉൾപ്പെട്ടതോടെ ആറാം യൂറോ കപ്പിനാണ് 39കാരൻ ഇറങ്ങുന്നത്.
2016ലെ യൂറോ ജേതാക്കളായ പോർച്ചുഗലിനായി ഏറ്റവും ​കൂടുതൽ ഗോൾ നേടിയ താരമാണ് റൊണാൾഡോ. 25 മത്സരങ്ങളിൽ 14 ഗോളാണ് സ്വന്തം പേരിലുള്ളത്. സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനക്കാരായ അൽ നസ്റിനായി സീസണിൽ 33 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാ​ഡോ സിൽവ, ​ലിവർപൂളിന്റെ ഡിയോഗോ ജോട്ട, പി.എസ്.ജിയുടെ ഗോൺസാലോ റാമോസ്, ബാഴ്സലോണയുടെ ജാവോ ഫെലിക്സ്, എ.സി മിലാന്റെ റാഫേൽ ലിയാവോ തുടങ്ങിയ വൻ താരനിരയടങ്ങിയതാണ് പോർച്ചുഗീസ് മുന്നേറ്റം. എഫ്.സി പോർട്ടോയുടെ 41കാരനായ ഡിഫൻഡർ പെപെയാണ് റോബർട്ടോ മാർട്ടിനസ് പരിശീലിപ്പിക്കുന്ന ടീമിലെ മുതിർന്ന അംഗം.
ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമനിയിൽ നടക്കുന്ന യൂറോ കപ്പിൽ തുർക്കിയ, ചെക്ക് റിപ്പബ്ലിക്, ജോർജിയ ടീമുകൾ ഉ​ൾപ്പെട്ട ഗ്രൂപ്പ് എഫിലാണ് പോർച്ചുഗൽ. ടൂർണമെന്റിന് മുമ്പ് ജൂൺ നാലിന് ഫിൻലൻഡുമായും എട്ടിന് ക്രൊയേഷ്യയുമായും 11ന് അയർലൻഡുമായും സൗഹൃദ മത്സരങ്ങളും കളിക്കും.
ടീം: ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പാട്രികോ.
ഡിഫൻഡർമാർ: അന്റോണിയോ സിൽവ, ഡാനിലോ പെരേര, ഡിയോഗോ ഡലോട്ട്, ഗോൺസാലോ ഇനാസിയോ, ജാവോ കാൻസലോ, നെൽസൺ സെമേഡോ, ന്യൂനോ മെൻഡസ്, പെപെ, റൂബൻ ഡയസ്.
മിഡ്ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ്, ജോവോ നെവെസ്, ജോവോ പലീഞ്ഞ, ഒറ്റേവിയോ മോണ്ടീറോ, റൂബൻ നെവസ്, വിറ്റിഞ്ഞ.
ഫോർവേഡുമാർ: ബെർണാ​ഡോ സിൽവ, ​ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോഗോ ജോട്ട, ഫ്രാൻസിസ്കോ കോൺസികാവോ, ഗോൺസാലോ റാമോസ്, ജാവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയാവോ.

By admin

Leave a Reply

Your email address will not be published. Required fields are marked *