ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെ നേരിടാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ താരം ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ന്യൂയോർക്കിലെ കാൻ്റിയാഗ് പാർക്കിൽ നടന്ന പരിശീലന സെഷനിലാണ് രോഹിതിന് വീണ്ടും പരിക്കേറ്റത്.
പന്ത് കൈയ്യില്‍ തട്ടിയാണ് പരിക്കേറ്റത്. ഉടന്‍ തന്നെ താരം വൈദ്യപരിശോധന തേടി. തുടര്‍ന്ന് വീണ്ടും പരിശീലനം നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ താരത്തിന് നിസാര പരിക്കാണ് ഏറ്റതെന്നാണ് സൂചന. പാകിസ്ഥാനെതിരെ രോഹിത് കളിക്കുമെന്നും പ്രതീക്ഷിക്കാം.
രോഹിത് മാത്രമല്ല, വിരാട് കോഹ്ലിയും ഇവിടെ ബാറ്റ് ചെയ്യാന്‍ നന്നേ പ്രയാസപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന് പരിക്കില്ല. പിച്ചിന്റെ ഈ ‘വിചിത്ര സ്വഭാവം’ ബിസിസിഐ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രാക്ടീസ് പിച്ചിനെതിരെ ബിസിസിഐ ഐസിസിക്ക് അനൗദ്യോഗിക പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 
ന്യൂയോർക്കിലെ നസ്സാവു കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരം. ഇന്ത്യ അയര്‍ലന്‍ഡിനെ നേരിട്ടതും ഇതേ ഗ്രൗണ്ടിലായിരുന്നു. ബൗളിംഗിനെ പിന്തുണയ്ക്കുന്ന ഈ പിച്ചില്‍ ബാറ്റര്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ബാറ്റര്‍മാര്‍ക്ക് പരിക്കേല്‍ക്കാനും സാധ്യതയേറെ. 

By admin

Leave a Reply

Your email address will not be published. Required fields are marked *